Latest NewsIndia

കര്‍ണാടകയിലെ ബജ്‌രംഗ് ദൾ പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്ന് പേര്‍ അറസ്റ്റില്‍, വിലാപയാത്രയ്ക്ക് നേരെ കല്ലേറ്

നിരോധനാജ്ഞയെ തുടര്‍ന്ന് സ്ഥലത്തെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരു: കര്‍ണാടകയിലെ ശിവമോ​ഗയിലെ ബജ്‌രംഗ് ദൾ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കൊലപാതകത്തിന് പിന്നില്‍ നാലു പേരാണ് ഉള്‍പ്പെട്ടതെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അര​ഗ ജ്ഞാനേന്ദ്ര പറഞ്ഞു. ഏതെങ്കിലും സംഘടനകള്‍ ഇതിന് പിന്നില്‍ ഉണ്ടോയെന്ന് വ്യക്തമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാൽ നഗരത്തിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം ചിലർ പ്രചരിപ്പിക്കുന്നത് പോലെ കര്‍ണാടകയില്‍ ഉയര്‍ന്നുവന്നിട്ടുളള ഹിജാബ് വിവാദവുമായി കൊലപാതകത്തിന് യാതൊരു ബന്ധവുമില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ മറ്റു പല കാരണങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബജ്‌രംഗ് ദളിന്റെ സജീവ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട ഹര്‍ഷ. കൊലപാതകത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ശിവമോ​ഗയില്‍ നടക്കുന്നത്.

അതേസമയം ഹർഷയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കു നേരെ കല്ലേറുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കല്ലേറിൽ നാലുപേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. മക്ഗൻ ആശുപത്രിയിൽ നിന്നും വിദ്യാനഗറിലെ റോട്ടറി സെമിത്തേരിയിലേക്ക് ഉള്ള യാത്രാമധ്യേയാണ് ഹർഷയുടെ വിലാപയാത്രയ്ക്ക് നേരെ കല്ലേറുണ്ടായത്. ഒരു പോലീസുകാരനും പത്രപ്രവർത്തകനും, മറ്റു രണ്ട് പേർക്കുമാണ് പരിക്കേറ്റത്.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സമാധാനം പാലിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാനം നിലനിര്‍ത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയതായും ബൊമ്മൈ പറഞ്ഞു. നിരോധനാജ്ഞയെ തുടര്‍ന്ന് സ്ഥലത്തെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂട്ടം ചേരുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ടായിരുന്നു ഹര്‍ഷ എന്ന 26 കാരന്‍ കൊല്ലപ്പെട്ടത്.

ഹര്‍ഷയെ പിന്തുടര്‍ന്നശേഷം അജ്ഞാതര്‍ മാരകായുധങ്ങളുപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സംഭവത്തെ കുറിച്ച്‌ പൊലിസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഹര്‍ഷയെ ശിവമോഗ ജില്ലയിലെ മക്ഗാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. കൊലപാതകത്തില്‍ അന്വേഷണം പുരോ​ഗമിക്കുകയാണ്.

shortlink

Post Your Comments


Back to top button