തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പിഎ ആയി ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ്. കര്‍ത്തയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയതിനെ വിമര്‍ശിച്ച് കെ. മുരളീധരന്‍ എംപി. കര്‍ത്ത ബിജെപി നേതാവ് തന്നെയാണെന്നതിന് ആര്‍ക്കും സംശയമില്ലെന്നും ഈ നിയമനം സര്‍ക്കാര്‍ അംഗീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു.
‘പൂച്ചയെ കണ്ട് പേടിച്ചാല്‍ പുലിയെ കണ്ടാല്‍ എന്താകും? മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണറെ പേടിയാണ്. ഈ പേടിവെച്ച് മോദിയെയും അമിത് ഷായെയും എങ്ങനെ നേരിടും? സഭയിലെ അംഗങ്ങള്‍ക്ക് ആവശ്യമില്ലാത്തതായിരുന്നു ഗവര്‍ണറുടെ നയപ്രസംഗം’- മുരളീധരന്‍ പറഞ്ഞു.
അതേസമയം കിഴക്കമ്പലത്തെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. ദീപുവിന്റേത് മൃഗീയമായ കൊലപാതകമാണ്. ജനങ്ങള്‍ക്ക് ഭരണകക്ഷി എംഎല്‍എയ്ക്കെതിരേ സമരം ചെയ്യാനുള്ള അവകാശം പോലുമില്ലേയെന്ന് ചോദിച്ച മുരളീധരൻ, ഇക്കാര്യത്തിൽ സിപിഎം അഭിപ്രായം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
‘മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നത് തെറ്റല്ല. ഗവര്‍ണറുടെ അനാവശ്യ നിര്‍ദേശങ്ങള്‍ തള്ളാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കണം. ബി.ജെ.പിക്കാരുടെ പണി കൂടി ഗവര്‍ണര്‍ ചെയ്യുന്നു. ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രിക്ക് കഴിയണം. സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചാല്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടലാസ് പുലിയാകും’- മുരളീധരന്‍ അഭിപ്രായപ്പെട്ടു.
Post Your Comments