ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സ്ഥാനാർത്ഥികളുടെ സ്വത്തുവിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നിയുടെ സ്വത്തിൽ അഞ്ച് കോടിയിലധികം രൂപയുടെ കുറവുണ്ടായെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2017 ൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഛന്നിക്ക് 14.51 കോടിയുടെ ആസ്തി ഉണ്ടായിരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ ആകെ ആസ്തി 9.45 കോടി മാത്രമാണ്.
അതേസമയം, പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ കാരണം കോൺഗ്രസ് വിട്ട മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിൻ്റെ ആസ്തിയിൽ 20.41 കോടിയുടെ വർദ്ധനവുണ്ടായി. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ ആസ്തിയിൽ 1.25 കോടിയുടെ കുറവ് രേഖപ്പെടുത്തി. 2017 ൽ അദ്ദേഹത്തിന് 45.90 കോടി രൂപയുടെ ആസ്തിയാണ് ഉണ്ടായിരുന്നത്. ഈ വർഷം സിദ്ദുവിൻ്റെ ആസ്തി 44.65 കോടി രൂപയായി കുറഞ്ഞു.
ശിരോമണി അകാലിദൾ (എസ്.എ.ഡി) നേതാവ് സുഖ്ബീർ സിംഗ് ബാദലിന്റെ ആസ്തിയിൽ വൻ വർദ്ധനവ് ഉണ്ടായെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തിൻ്റെ ആസ്തിയിൽ 100 കോടിയുടെ വർദ്ധനവാണ് ഉണ്ടായത്. നിലവിൽ അദ്ദേഹത്തിൻ്റെ ആസ്തി 202 കോടിയാണ്. കോൺഗ്രസ് നേതാവായ മൻപ്രീത് സിങ് ബാദലിന്റെ ആസ്തി 32 കോടി വർദ്ധിച്ച് 70 കോടി ആയപ്പോൾ, ആം ആദ്മി നേതാവ് അമാൻ അരോരയുടെ ആസ്തിയിൽ 29 കോടിയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
Post Your Comments