കൊച്ചി : പെണ്‍കുട്ടികളെ നമ്പര്‍ 18 ഹോട്ടലില്‍ എത്തിക്കാന്‍ ബിസിനസ് മീറ്റിന്റെ മറവ്. ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ പോക്‌സോ കേസിലെ ഇര ഉള്‍പ്പടെയുള്ള പെണ്‍കുട്ടികളുടെ സംഘത്തെ പ്രതി അഞ്ജലി റീമാദേവ് കൊച്ചിയിലെത്തിച്ചത് തട്ടിക്കൂട്ടിയ ബിസിനസ് മീറ്റില്‍ പങ്കെടുപ്പിക്കാനെന്ന വ്യാജേനയെന്ന് പൊലീസ് സ്ഥിരീകരിച്ചു. മാളില്‍ തലേദിവസം വിളിച്ചു തന്റെ പക്കല്‍ നിക്ഷേപകരും പദ്ധതികളുമുണ്ടെന്നു പറഞ്ഞു പെട്ടെന്നു ബിസിനസ് മീറ്റ് സംഘടിപ്പിച്ചതായിരുന്നുവെന്ന് മാള്‍ മാനേജരും അറിയിച്ചു.
15 മിനിറ്റില്‍ താഴെ മാത്രമുള്ള കൂടിക്കാഴ്ചയാണ് നടന്നത്. കോഴിക്കോട്ടുനിന്നുള്ള പെണ്‍കുട്ടികളെ നമ്പര്‍ 18 ഹോട്ടലിലെത്തിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് അന്വേഷണ സംഘവും പറഞ്ഞു. മാസങ്ങള്‍ക്കു മുന്‍പ് അഞ്ജലി ഏതാനും പെണ്‍കുട്ടികളുമായെത്തി ബിസിനസ് വാഗ്ദാനങ്ങള്‍ നടത്തുകയും ഷോപ്പുകള്‍ തുറക്കുന്നതും മറ്റു കാര്യങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തതായി മാള്‍ മാനേജര്‍ പറയുന്നു.
സംഘത്തില്‍ മുതിര്‍ന്ന ഒരു സ്ത്രീയും അഞ്ജലിയും 25 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഫോര്‍മല്‍ വസ്ത്രം ധരിച്ചിരുന്നതിനാല്‍ പെട്ടെന്നു ശ്രദ്ധിച്ചെങ്കിലും സംശയാസ്പദമായിരുന്നു ഇവരുടെ ഇടപെടലെന്ന് മാള്‍ മാനേജര്‍ പറയുന്നു.
അതേസമയം, അഞ്ജലി മുന്‍കൂട്ടി പറഞ്ഞതു പ്രകാരം കൊച്ചിയിലെ ബിസിനസ് മീറ്റില്‍ പങ്കെടുക്കാന്‍ താനും ഭര്‍ത്താവും മകളും വരാനാണ് തീരുമാനിച്ചിരുന്നതെന്നു പരാതിക്കാരി പറയുന്നു. ഭര്‍ത്താവു വരുമെന്നറിഞ്ഞ് ഇവര്‍ പരിപാടി മാറ്റിവച്ചതായി നുണ പറഞ്ഞു. പിന്നീട് ഭര്‍ത്താവ് അദ്ദേഹത്തിന്റെ ബിസിനസ് നടത്തുന്ന സ്ഥലത്തേയ്ക്കു തിരിച്ചുപോയതറിഞ്ഞതോടെ മീറ്റിങ് മാറ്റിവച്ചിട്ടില്ലെന്നും രാത്രിയില്‍ തന്നെ പുറപ്പെടണമെന്നും അഞ്ജലി പറയുകയായിരുന്നു. എല്ലാവരോടും പെട്ടെന്നു തയ്യാറാകാന്‍ ആവശ്യപ്പെട്ട് ടാക്‌സി സംഘടിപ്പിച്ചു കൊച്ചിയിലേയ്ക്കു പുറപ്പെടുകയായിരുന്നെന്നും പരാതിക്കാരി പറയുന്നു.
പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിക്കുകയും ദുരുപയോഗം ചെയ്യുന്നതിനുമായി അഞ്ജലി ബിസിനസ് മീറ്റ് എന്ന മറപിടിക്കുകയായിരുന്നെന്നാണ് പരാതിക്കാരി പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി. ഇക്കാര്യം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments