
തോട്ടട: കണ്ണൂര്‍ തോട്ടടയ്ക്കുസമീപം വിവാഹ സംഘത്തോടൊപ്പം എത്തിയവര്‍ നടത്തിയ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ബോംബെറിഞ്ഞ ആളെ പോലീസ് തിരിച്ചറിഞ്ഞു. സംഭവത്തില്‍ നാല് പേര് നേരിട്ട് ഇടപ്പെട്ടതായാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. ഇതില്‍ മൂന്ന് പേര് ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ബോംബെറിഞ്ഞെന്ന് സംശയിക്കുന്ന മിഥുന് എന്നയാള്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങി.
കസ്റ്റഡിയിലുള്ളവരേയടക്കം ചോദ്യം ചെയ്തതില്‍ നിന്നും തെളിവുകളുടേയും അടിസ്ഥാനത്തില്‍ മിഥുനാണ് ബോംബെറിഞ്ഞതെന്നാണ് പോലീസിന് ലഭിച്ച വിവരം. നാലുപേര്‍ പോലീസിന്റെ കസ്റ്റഡിയിലുണ്ടെങ്കിലും ഒരാള്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമില്ലെന്നാണ് മനസ്സിലാക്കുന്നത്. വിവാഹ പാര്‍ട്ടിയുടെ വീഡിയോ ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയുന്നതില്‍ നിര്‍ണായകമായത്. വധുവിനേയും വരനേയും ആനയിച്ചുകൊണ്ടുവരുന്ന ഒരു വീഡിയോ ദൃശ്യം ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണെന്നാണ് വിവരം.
Read Also: പള്ളികളിലെത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കും: ബഹ്റൈൻ
ബാന്‍ഡ്മേളങ്ങളുമായി വധൂവരന്മാരെ ആനയിക്കുന്ന സംഘത്തിന് പിന്നിലായി ഒരാള്‍ ഒരു കവറുമായി നടക്കുന്നത് കാണാം. ഇത് ബോംബാണെന്നാണ് പോലീസിന് ലഭിച്ച സൂചന. ഈ കവറില്‍ നിന്ന് സാധനങ്ങളെടുത്ത് മറ്റൊരാള്‍ നീങ്ങുന്നതും ദൃശ്യത്തിലുണ്ട്. ഈ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇതില്‍ മിഥുന് എന്ന് പറയുന്ന ആളെ കൂടി ഇന്ന് രാത്രിയോടെ കസ്റ്റഡിയിലാകുമെന്നാണ് പോലീസ് പറയുന്നത്.
ഇവര്‍ സഞ്ചരിച്ച വാഹനത്തിനായും തിരച്ചില്‍ നടത്തുന്നുണ്ട്. വെള്ള ടെമ്പോ ട്രാവലറിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നതെന്നാണ് ദൃക്സാക്ഷികള്‍ നല്കിയ വിവരം. ഇതില്‍ ഇവരെടുത്ത സെല്‍ഫികളും പുറത്തുവന്നിട്ടുണ്ട്. ചാലാട്ടെ വിവാഹസ്ഥലത്ത് ടെമ്പോ ട്രാവലറിലാണ് ഏച്ചൂരിലെ സംഘമെത്തിയത്. അവിടെ പടക്കം പൊട്ടിക്കലും ആഘോഷവുമുണ്ടായിരുന്നു. തിരിച്ച് തോട്ടട അമ്മൂപ്പറമ്പിനടുത്ത് വാന്‍ നിര്‍ത്തി വരന്റെ വീട്ടിലേക്ക് വരുന്ന വഴിയില്‍ സ്വീകരിക്കാന്‍ നിന്ന സംഘത്തെ ലക്ഷ്യംവെച്ചാണ് ബോംബെറിഞ്ഞതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ ബോംബ് ലക്ഷ്യം തെറ്റി ജിഷ്ണുവിന്റെ തലയില്‍ തട്ടി പൊട്ടുകയായിരുന്നുവെന്ന് കരുതുന്നു. സ്ഫോടനത്തിനിടെ ഇവര്‍ക്ക് പരിക്കേറ്റു. ഇവര്‍ ചികിത്സയിലാണ്.
Post Your Comments