തിരുവല്ല : കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ ക്ലർക്ക് വിജിലൻസിന്റെ പിടിയിലായി. തിരുവല്ല കടപ്ര പഞ്ചായത്തിലെ ജീവനക്കാരനും തകഴി സ്വദേശിയുമായ പി.സി. പ്രദീപ്കുമാറിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. ഇയാളുടെ കൈയില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയ 15000 രൂപയും പിടിച്ചെടുത്തു.
വളഞ്ഞവട്ടം സ്വദേശിനിയാണ് പ്രദീപ്കുമാറിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നത്. വസ്തു പേര് മാറ്റാൽ ആവശ്യത്തിനായി സമീപിച്ചപ്പോൾ കൈക്കൂലിയായി പ്രദീപ് കുമാർ ആദ്യം 40000 രൂപയും പിന്നീട് 25000 രൂപയും ആവശ്യപ്പെട്ടു. ഈ മാസം 8-ന് 10000 രൂപ നൽകിയിരുന്നു. ബാക്കി 15000നായി നിരന്തരം വിളികൾ ഉണ്ടായതോടെ പരാതിക്കാരി വിജിലൻസിനെ സമീപിക്കുകയിരുന്നു.
ഓഫീസിന് പുറത്തുവെച്ച് മാത്രം പണം നല്‍കിയാല്‍ മതിയെന്നായിരുന്നു പ്രദീപ് കുമാർ പറഞ്ഞിരുന്നത്. ഇതനുസരിച്ച് വാഹനയാത്രയ്ക്കിടെ പണം കൈമാറാമെന്ന് ഇയാളെ അറിയിച്ചു. പരാതിക്കാരിക്കൊപ്പം വിജിലന്‍സിലെ ഉദ്യോഗസ്ഥനും വാഹനത്തിലുണ്ടായിരുന്നു. തുടർന്ന് പുളിക്കീഴ് പാലത്തിന് സമീപംവെച്ച് പ്രദീപ് കുമാറിന് പരാതിക്കാരി പണം കൈമാറുകയയായിരുന്നു. എന്നാല്‍ എല്ലാത്തിനും സാക്ഷിയായി വാഹനത്തിലുണ്ടായിരുന്നത് വിജിലന്‍സ് ഉദ്യോഗസ്ഥനാണെന്ന് പ്രദീപ്കുമാര്‍ അറിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ ഇയാളെ വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Post Your Comments