ഇസ്ലാമബാദ്: ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയിൽ ഉയിഗൂർ മുസ്ലിംകൾക്കെതിരെ നടക്കുന്ന മനുഷ്യത്വ രഹിതമായ പ്രവർത്തികളെ പിന്തുണച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതു പോലെയല്ല ഷിൻജിയാങ്ങിലെ സാഹചര്യമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ഷിൻജിയാങ് വിഷയത്തിൽ പാകിസ്ഥാൻ ചൈനയ്ക്ക് പിന്തുണ ഉറപ്പാക്കിയതിനു പിന്നാലെയാണ് ഇമ്രാൻ ഖാന്റെ വിശദീകരണം.
ചൈനയിലെ പാക് അംബാസഡർ മോയിനുൽ ഹഖ് ഷിൻജിയാങ് സന്ദർശിച്ച് അവിടത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ടെന്നും പാശ്ചാത്യ മാധ്യമങ്ങൾ ചിത്രീകരിക്കുന്നതു പോലെയല്ല അവിടത്തെ സാഹചര്യങ്ങളെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടതാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. തായ്വാൻ, ദക്ഷിണ ചൈനാ കടൽ, ഹോങ്കോങ്, ഷിൻജിയാങ്, ടിബറ്റ് അടങ്ങുന്ന വിവാദ വിഷയങ്ങളിലെല്ലാം ചൈനയെ പിന്തുണയ്ക്കുന്നതായി കഴിഞ്ഞ ദിവസം പാകിസ്ഥാൻ വ്യക്തമാക്കിയിരുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ പുറത്തിറക്കിയ സംയുക്ത വാർത്താകുറിപ്പിലാണ് ഇമ്രാൻ ഖാൻ പാകിസ്ഥാന്റെ നിലപാട് വ്യക്തമാക്കിയത്. ഷിൻജിയാങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ആഗോളതലത്തിൽ ആശങ്ക ഉയരുന്നതിനിടെയാണ് പാകിസ്ഥാൻ വിവാദപരമായ നിലപാട് പ്രഖ്യാപിച്ചത്.
Post Your Comments