കണ്ണൂര്‍: വിവാഹാഘോഷത്തിനിടെ ഉണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ അക്ഷയ് നിരപരാധിയാണെന്ന് പിതാവ്. മകന്റെ അറസ്റ്റ് അംഗീകരിക്കാൻ കഴിയില്ലെന്നും, അവന്‍ നിരപരാധിയാണെന്നും പിതാവ് പറഞ്ഞു. ‘എന്റെ മകന്‍ നിരപരാധിയാണെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്. മകന് മേല്‍ കേസ് അടിച്ചേൽപ്പിക്കുകയായിരുന്നു. അക്ഷയ് അങ്ങനെ ഒന്നും ചെയ്യില്ല’ അദ്ദേഹം പറഞ്ഞു. അതേസമയം, അക്ഷയ് കല്ല്യാണത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. ‘പ്രതിയെ കിട്ടാതിരുന്നപ്പോൾ എന്റെ മകനെ പിടിക്കുകയായിരുന്നു. അവന് ക്രിമിനല്‍ പശ്ചാത്തലമോ, രാഷ്ട്രീയ പശ്ചാത്തലമോ ഇല്ല’ പിതാവ് കൂട്ടിച്ചേര്‍ത്തു.
‘മകന് കുറ്റം സമ്മതിച്ചു എന്നാണ് പൊലീസ് പറയുന്നത്. അവന്‍ ഇന്നലെ രാത്രി മുതല്‍ പൊലീസ് കസ്റ്റഡിയിലാണ്. പൊലീസുകാര്‍ സമ്മതിപ്പിച്ചതാകും. എന്റെ മകന്റെ നിരപരാധിത്വം തെളിയിക്കും’ പിതാവ് പറഞ്ഞു. ഞായറാഴ്ചയാണ് കണ്ണൂരില്‍ വിവാഹാഘോഷത്തിനിടെ നടന്ന ബോംബേറില്‍ ജിഷ്ണു എന്ന യുവാവ് കൊല്ലപ്പെട്ടത്. ജിഷ്ണുവും അറസ്റ്റിലായ അക്ഷയും ഏച്ചൂര്‍ സ്വദേശികളാണ്. ഏച്ചുരില്‍ നിന്നും വരന്റെ വീട്ടിലേക്ക് സംഘം ചേര്‍ന്ന് എത്തിയവരാണ് ബോംബ് എറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
ബോംബ് എറിഞ്ഞ സംഘത്തില്‍ പെട്ട ആളാണ് അക്ഷയ് എന്ന് എസിപി പി.പി സദാന്ദന്‍ പറഞ്ഞു. ‘മിഥുനും അക്ഷയും ആണ് വിവാഹ പാർട്ടിക്ക് നേരെ ബോംബ് എറിഞ്ഞത്. ഇരുവരും മൂന്ന് തവണ ബോംബ് എറിഞ്ഞു. അക്ഷയ് എറിഞ്ഞ ബോംബ് ആണ് ഇവരുടെ തന്നെ സംഘാംഗം ആയിരുന്ന ജിഷ്ണുവിന്റെ തലയില്‍ വീണ് പൊട്ടിയത്’ പൊലീസ് വിശദീകരിച്ചു. അക്ഷയ് ആണ് കേസിലെ ഒന്നാം പ്രതി. മറ്റൊരു പ്രതിയായ മിഥുന്‍ ഒളിവിലാണ്.
Post Your Comments