കൊച്ചി: ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനെതിരെ കാറപകടത്തില്‍ മരിച്ച അന്‍സി കബീറിന്റെ ബന്ധുക്കൾ. അന്‍സിയുടെ മരണത്തില്‍ കൂടുതൽ സംശയങ്ങൾ ഉയരുന്നുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സിബിഐ അന്വേഷണം വേണമെന്നും വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും അന്‍സിയുടെ അമ്മാവൻ നസീം പറഞ്ഞു. റോയ് വയലാട്ടിന്റെ ഹോട്ടലില്‍ നിന്ന് മടങ്ങുമ്പോഴായിരുന്നു അന്‍സിയും സുഹൃത്തുക്കളും കാറപകടത്തില്‍പ്പെട്ടത്. റോയ് വയലാട്ടിന്റെ സുഹൃത്തായ സൈജു തങ്കച്ചന് മറ്റൊരു കാറില്‍ മോഡലുകളെ പിന്തുടര്ന്നിരുന്നു. ഇവരില്‍ നിന്ന് രക്ഷപ്പെടാനായി മോഡലുകൾക്കൊപ്പമുണ്ടായിരുന്ന അബ്ദുൾ റഹ്മാൻ കാർ വേഗതയിൽ ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
മോഡലുകളുടെ മരണത്തിൽ വിവാദത്തിലായ നമ്പർ18 ഹോട്ടലിൽ എത്തിയ തങ്ങളെ വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് കോഴിക്കോട് സ്വദേശികളായ അമ്മയും മകളും നൽകിയ പരാതി. പ്രതികള്‍ ദൃശ്യങ്ങൾ പകർത്തിയതിനാൽ ഭീഷണി ഭയന്നാണ് പരാതി പറയാൻ കാലതാമസം ഉണ്ടായതെന്നും മൊഴി നൽകിയിരുന്നു. എന്നാല്‍ ഈ പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്ന് കൂട്ടുപ്രതി അഞ്ജലി റീമാ ദേവ് പറഞ്ഞു. തന്റെ മുന്‍ ജീവനക്കാരിയായ പരാതിക്കാരിയുടെ തട്ടിപ്പുകള്‍ പുറത്ത് വരാതിരിക്കാനായാണ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അഞ്ജലി ആരോപിച്ചു.
കോഴിക്കോട്ട് ബിസ് യൂണികോം എന്ന പേരില്‍ ബിസിനസ് കണ്‍സല്‍ട്ടന്‍സി നടത്തുന്നയാളാണ് അഞ്ജലി റീമാ ദേവ് എന്ന അഞ്ജലി. ഫോര്‍ട്ട് കൊച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ മൂന്നാംപ്രതി. എന്നാല്‍ താന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ എടുത്ത പോക്സോ കേസ് വ്യാജമെന്നാണ് അഞ്ജലിയുടെ ആരോപണം. തന്റെ സ്ഥാപനത്തില്‍ ആറുമാസം പരാതിക്കാരി ജോലി നോക്കിയിരുന്നു. അച്ചടക്ക ലംഘനങ്ങളെ തുടര്‍ന്ന് പുറത്താക്കി. വട്ടിപ്പലിശക്ക് പണം കൊടുക്കുന്ന ബിസിനസ് പരാതിക്കാരിക്കുണ്ട്. താന്‍ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകള്‍ സംഘടിപ്പിച്ച് തന്നെയും സാമ്പത്തിക തട്ടിപ്പിനിരയാക്കിയെന്നും അഞ്ജലി പറയുന്നു. ഇതെല്ലാം പുറത്ത് വരുമെന്ന് ഭയം മൂലമാണ് പ്രായപൂര്‍ത്തിയാവാത്ത മകളെ മുന്‍നിര്‍ത്തി കള്ളക്കേസ് കൊടുത്തതെന്ന് അഞ്ജലി ആരോപിക്കുന്നു.
Post Your Comments