കാബൂള്‍ : അഫ്ഗാനില്‍ മുഹമ്മദ് ഗനിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ സര്‍ക്കാരിനെ അട്ടിമറിച്ച് താലിബാന് അധികാരത്തിലേറി ആറ് മാസം പിന്നിടുന്നു. എന്നാല്‍ ഈ ഭരണ മാറ്റം ഏറ്റവും കൂടുതല്‍ ബാധിച്ചത് മാദ്ധ്യമ മേഖലയെയാണ്. താലിബാന് അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ 86 റേഡിയോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ട്.
ഫെബ്രുവരി 13ന് ഐക്യരാഷ്ട്രസഭ ലോക റേഡിയോ ദിനം ആചരിക്കുന്നതിനിടെയാണ് അഫ്ഗാനിലെ റേഡിയോ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയ കാര്യം പുറത്തുവിട്ടത്. ടോളോ ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം താലിബാന് ഭീകരര്‍ അഫ്ഗാനിസ്ഥാനിലെ ഭരണം ഏറ്റെടുത്തതോടെ നിലവിലെ അഫ്ഗാന് മാദ്ധ്യമങ്ങളുടെ റേഡിയോ വിഭാഗത്തില്‍ കാര്യമായ സ്വാധീനം ചെലുത്തി
അഫ്ഗാന് മാദ്ധ്യമങ്ങളുടെ തകര്‍ച്ചയുടെ പ്രാഥമിക കാരണം സാമ്പത്തികവും രാഷ്ട്രീയവുമായ ബുദ്ധിമുട്ടുകളാണെന്ന് മാദ്ധ്യമ നിരീക്ഷണ സംഘടനകള്‍ സൂചിപ്പിച്ചു. ഓഗസ്റ്റ് മുതല്‍ പ്രക്ഷേപണം നിര്‍ത്തിയ ഡസന്‍ കണക്കിന് റേഡിയോ സ്റ്റേഷനുകളില്‍ റേഡിയോ ജഹാനും ഉള്‍പ്പെടുന്നു. കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ കാരണം റേഡിയോ ജഹാന് ആറ് മാസത്തിലേറെയായി സംപ്രേക്ഷണം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
രാജ്യത്തുടനീളമുള്ള ഏകദേശം 70ശതമാനം റേഡിയോ സ്റ്റേഷനുകളും അടച്ചുപൂട്ടിയതായി സംസമ റേഡിയോ സ്റ്റേഷന് മേധാവി ഷഫിയുള്ള അസീസി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ സാമ്പത്തിക പ്രശ്നങ്ങളും പരിപാടികളുടെ സംപ്രേക്ഷണവും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് അസീസി പറഞ്ഞു. റേഡിയോ സ്റ്റേഷനുകളില്‍ നിന്ന് നികുതി പിരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നതായും സംസമ റേഡിയോയുടെ തലവന്‍ കൂട്ടിച്ചേര്‍ത്തു. താലിബാന് അധികാരമേറ്റ് ആറ് മാസം ആയപ്പോഴേയ്ക്കും 300 ഓളം മാദ്ധ്യമസ്ഥാപനങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തനം അവസാനിപ്പിച്ചതായി അന്തര്‍ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments