പാരീസ്: കാനഡയിൽ നടന്നതിന് സമാനമായ രീതിയിൽ, ഫ്രീഡം കോൺവോയ് പ്രതിഷേധ പ്രകടനം നടത്തിയ പ്രതിഷേധകർക്കെതിരെ കണ്ണീർ വാതകം ഉപയോഗിച്ച് ഫ്രഞ്ച് പോലീസ്. ഗതാഗത തടസ്സത്തിനു കാരണമായ പ്രതിഷേധകരുടെ വാഹനവ്യൂഹം തകർക്കുന്നതിന് വേണ്ടിയാണ് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചത്. സംഭവത്തിൽ അമ്പതോളം പേരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിഷേധകരെ തടയാൻ ഫ്രഞ്ച് അധികൃതർ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഏഴായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. ഫ്രീഡം കോൺവോയ് പ്രതിഷേധ പ്രകടനങ്ങൾ തടയുമെന്ന് നേരത്തെ ഫ്രഞ്ച് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പ്രതിഷേധകർ ഈ മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നു. കാനഡയിലെ ഫ്രീഡം കോൺവോയ്ക്ക് സമാനമായ രീതിയിൽ ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, നെതർലൻഡ്‌സ് എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനം നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കാനഡയിലെ പ്രതിഷേധങ്ങൾ ഇപ്പോൾ കാനഡയും അമേരിക്കയും തമ്മിലുള്ള അതിർത്തി കടന്നുള്ള വ്യാപാരത്തെ വരെ തടസ്സപ്പെടുത്തിയിരിക്കുകയാണ്. എന്നിട്ടും, പ്രതിഷേധകരുമായി കൂടിക്കാഴ്ച നടത്താൻ പോലും സമ്മതിക്കാതെ രഹസ്യ കേന്ദ്രത്തിലേയ്ക്ക് താമസം മാറിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പോലെ, മൃദുവായ നിലപാടായിരിക്കും ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവേൽ മാക്രോൺ സ്വീകരിക്കുകയെന്ന് കരുതിയ പാരീസിലെ പ്രതിഷേധകരുടെ കണക്കുകൂട്ടലുകളാണ് ഇപ്പോൾ തെറ്റിയിരിക്കുന്നത്.
Post Your Comments