Latest NewsNewsIndia

‘കുളിക്കുമ്പോഴും ഹിജാബ് ധരിക്കാറുണ്ടോ എന്ന് ടീച്ചർ ചോദിച്ചു, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ കൂടെയുണ്ട്’: ആലിയ പറയുന്നു

ഉഡുപ്പിയിലെ ആറ് പെൺകുട്ടികൾ ഉയർത്തിയ ഹിജാബ് വിഷയം ദേശീയതലത്തിൽ വലിയ ചർച്ചയാകുന്ന സാഹചര്യത്തിൽ സമരവുമായി മുന്നോട്ട് പോകുന്നതിന്റെ കാരണം വ്യക്തമാക്കി ഹിജാബ് വിവാദത്തിന് തുടക്കം കുറിച്ച ആറ് പെൺകുട്ടികളിൽ ഒരാളായ ആലിയ ആസാദി പറയുന്നു. പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്‌കറിൻെറ പ്രതിനിധി പൂനം കൗശലിന് ആലിയ നല്‍കിയ അഭിമുഖത്തിൽ ആണ് തങ്ങൾ നേരിട്ട വസ്ത്രസ്വാതന്ത്ര്യമില്ലായ്മ പെൺകുട്ടി തുറന്നു പറഞ്ഞത്.

‘ഒരു പെൺകുട്ടി അവളുടെ ഐഡന്റിറ്റി ആയാലും ശരീരമായാലും തുറന്നു കാണിക്കാൻ തയ്യാറാകുമ്പോൾ അവളെ ആരും തടയുന്നില്ല. അതേസമയം, സ്വയം മറയ്ക്കാൻ ആഗ്രഹിക്കുമ്പോൾ മറ്റുള്ളവർ എന്തിനാണ് അസ്വസ്ഥപ്പെടുന്നത്? സിഖ് വിദ്യാർത്ഥികൾ തലപ്പാവ് ധരിച്ചാണ് സ്കൂളിൽ പോകുന്നത്. അതിനാർക്കും കുഴപ്പമില്ല. ഹിജാബ് ധരിക്കാതെ കുറച്ച് ദിവസം ഞങ്ങൾക്ക് സ്‌കൂളിലേക്ക് പോകേണ്ടി വന്നിട്ടുണ്ട്. ആ ചിത്രങ്ങൾ ഉപയോഗിച്ച് ഈ പെൺകുട്ടികൾ ഒരിക്കലും ഹിജാബ് ധരിച്ചിട്ടില്ല, ഇപ്പോഴാണ് അവർക്ക് പ്രശ്നമെന്ന രീതിയിലേക്ക് കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ഞങ്ങളെ കുറിച്ച് ഞങ്ങളുടെ അധ്യാപകർ തന്നെ വൃത്തികെട്ട കാര്യങ്ങൾ പറഞ്ഞുപരത്തുന്നു. ഞങ്ങളോട് പാകിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോകാൻ ആവശ്യപ്പെടുന്നു. എന്താണ് ഇതെല്ലാം? ഇതിന്റെ ഒക്കെ അർത്ഥമെന്താണ്?’, ആലിയ ചോദിക്കുന്നു.

Also Read:മര്‍ദ്ദിതര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കുമൊപ്പം ഇക്കാലമത്രയും നിലകൊണ്ട മാധ്യമ സ്ഥാപനമാണ് മീഡിയവണ്‍: ഫിറോസ്

ഹിജാബ് വിവാദത്തിന് പിന്നാലെ ട്വിറ്ററിൽ തന്റെ ഹോളോവേഴ്സ് ദിനംപ്രതി വർധിക്കുകയാണെന്ന് ആലിയ പറയുന്നു. അതേസമയം, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയാണ് ഈ പെൺകുട്ടികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചതെന്നും തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് എല്ലാം തീരുമാനിക്കുന്നത് അവരാണെന്നും ആരോപണമുണ്ട്. ഇത്തരം ആരോപണങ്ങൾക്കും ആലിയ കൃത്യമായ മറുപടി നൽകുന്നുണ്ട്.

ഹിജാബുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള വിവാദത്തിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമുണ്ടെന്നും പിന്നിൽ ക്യാമ്പസ് ഫ്രണ്ടും പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും ആണെന്ന ആരോപണം സത്യമല്ലെന്നാണ് ആലിയ പറയുന്നത്. അങ്ങനെ പറയുന്നവരാണ് രാഷ്ട്രീയം കളിക്കുന്നത് എന്നാണ് ആലിയ പറയുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കാര്യം തനിക്കറിയില്ലെന്നും പറഞ്ഞ ആലിയ, ക്യാമ്പസ് ഫ്രണ്ട് തങ്ങളുടെ കൂടെ ഉണ്ടെന്നും വെളിപ്പെടുത്തുന്നു. ക്യാമ്പസ് ഫ്രണ്ടിന്റെ സഹായം സ്വീകരിച്ചുവെന്നും പെൺകുട്ടി വെളിപ്പെടുത്തുന്നു. പ്രശ്നമുണ്ടായപ്പോൾ തന്നെ ക്യാമ്പസ് ഫ്രണ്ടിനെ സമീപിച്ചതല്ലെന്നും ക്ലാസിൽ നിന്നും പുറത്താക്കിയ ശേഷമാണ് അവരുടെ സഹായം തേടിയതെന്നും പെൺകുട്ടി പറയുന്നു.

Also Read:വായിച്ച് പഠിക്കുന്നതൊക്കെ ബോറായില്ലേ: പത്താം ക്ലാസ് പാഠങ്ങളുടെ ഓഡിയോ ബുക്ക് പതിപ്പ് പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്

‘സ്‌കോളര്‍ഷിപ്പിന്റെ പ്രശ്‌നമായാലും മറ്റേത് പ്രശ്‌നമായാലും എല്ലാ വിഷയങ്ങളിലും വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന ക്യാമ്പസ് ഫ്രണ്ട് ഞങ്ങളെയും പിന്തുണയ്ക്കുന്നുണ്ട്. ഈ പോരാട്ടത്തില്‍ എന്റെ കുടുംബാംഗങ്ങളും ക്യാമ്പസ് ഫ്രണ്ടും മുസ്ലീം സമുദായവും എന്നോടൊപ്പമുണ്ട്. ഞങ്ങളോടൊപ്പമുണ്ട്. ക്യാമ്പസ് ഫ്രണ്ട് ആണോ ഇതിനു പിന്നില്‍? എന്നാണ് പലരും ചോദിക്കുന്നത്. ഞങ്ങള്‍ പൊടുന്നനെ ഈ വിഷയം ക്യാമ്പസ് ഫ്രണ്ടിന് മുന്നില്‍ ഉന്നയിച്ചെന്നാണ് ആളുകള്‍ പറയുന്നത്. അങ്ങനെയല്ല. അധികൃതരുമായി ഒരുപാട് സംസാരിച്ചിരുന്നു. ഞങ്ങളുടെ കുടുംബാംഗങ്ങളെ രണ്ടും മൂന്നും മണിക്കൂര്‍ ഓഫീസിന് പുറത്ത് നിര്‍ത്തി അവർ. ഇതോടെ ഞങ്ങള്‍ ഒരു പ്രതിഷേധം ആരംഭിക്കാന്‍ നിര്‍ബന്ധിതരായി. അങ്ങിനെയാണ് ക്യാമ്പസ് ഫ്രണ്ടിന്റെ സഹായം സ്വീകരിക്കേണ്ടിവന്നത്’, ആലിയ പറയുന്നു.

ഹിജാബ് ധരിക്കുക എന്നതും വിദ്യാഭ്യാസം നേടുക എന്നതും തന്റെ അവകാശമാണെന്നും താൻ ജീവിക്കുന്നത് ഒരു മതേതര രാജ്യത്താണ് എന്നും ആലിയ ഓർമിപ്പിച്ചു. ഹിജാബ് തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നാണ് പെൺകുട്ടി പറയുന്നത്. ഹിജാബ് ആണ് തന്റെ ഐഡന്റിറ്റിയെന്ന് പറയുന്ന പെൺകുട്ടി, ഹിജാബ് തനിക്ക് അഭിമാനവും വികാരവുമാണ് എന്നും വ്യക്തമാക്കി.

Also Read:മുറിയിൽ പൂട്ടിയിട്ട് റിൻസീനയ്‌ക്കൊപ്പം പലതരം വീഡിയോ എടുത്തു:ഹണിട്രാപ്പിലാക്കി പണംതട്ടിയ യുവതിയും കാമുകനും സ്ഥിരംപ്രതികൾ

ഈ പ്രശ്‌നം ഇത്ര വലുതാകുമെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് ‘ഇല്ല’ എന്നാണ് ആലിയ മറുപടി നൽകിയത്. പ്രശ്നം പറഞ്ഞപ്പോൾ തങ്ങളുടെ പ്രിൻസിപ്പലിന് മനസിലാകുമെന്നായിരുന്നു കരുതിയിരുന്നതെന്നും ഇതൊരു വലിയ വര്‍ഗീയ പ്രശ്‌നമായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും പെൺകുട്ടി പറയുന്നു.

‘ഞങ്ങളുടെ അധ്യാപകര്‍ ഞങ്ങള്‍ക്ക് നേരെ വളരെ മോശമായ കമന്റുകള്‍ പറയാറുണ്ട്. ഹിജാബ് ധരിച്ച് വന്ന ഞങ്ങളുടെ സീനിയര്‍ പെണ്‍കുട്ടികളോട്, ഹിജാബ് നിങ്ങള്‍ക്ക് അത്ര പ്രധാനമാണോ? നിങ്ങള്‍ കുളിക്കുമ്പോഴും ഹിജാബ് ധരിക്കാറുണ്ടോ എന്നൊക്കെയായിരുന്നു അവരുടെ ചോദ്യം. അവര്‍ എന്തിന് ഞങ്ങളുടെ കുളിമുറിയില്‍ വരണം എന്നതാണ് എന്റെ ചോദ്യം. ഹിജാബ് ധരിക്കണോ വേണ്ടയോ എന്നത് ഞങ്ങളുടെ വ്യക്തിസ്വാതന്ത്ര്യമാണ്. ഞങ്ങള്‍ കുളിക്കുമ്പോള്‍ ഹിജാബ് ധരിക്കുമോ ഇല്ലയോ എന്നത് അവരുടെ വിഷയമല്ല’, ആലിയ പറയുന്നു.

ഉള്ളടക്കത്തിന് കടപ്പാട്: ദെെനിക് ഭാസ്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button