ഇരിങ്ങാലക്കുട : 2019ല്‍ കൊല്ലപ്പെട്ട ആനീസിന്റെ കൊലയാളി ഇന്നും കാണാമറയത്താണ്. കൊലയാളിയെ കുറിച്ച് ഇതുവരെ പൊലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. കവര്‍ച്ചയ്ക്ക് വേണ്ടിയാണ് ആനിയെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലയാളി കൊലപ്പെടുത്തിയത്. കൊല നടന്ന് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ കുറ്റവാളിയെ കുറിച്ച് ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല.
എന്നാല്‍ ഫെബ്രുവരി ആറിന് തിരുവനന്തപുരം അമ്പലമുക്കില്‍ നഴ്‌സറി ജീവനക്കാരി വിനീതയുടെ കൊലയ്ക്ക് സമാനമാണ് ഇരിങ്ങാലക്കുട കോമ്പാറ സ്വദേശിനി ആനീസിന്റെ കൊലയും എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വിനീതയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ കന്യാകുമാരി സ്വദേശി എസ്. രാജേന്ദ്രന്‍ (49) ആണോ ആനീസ് വധത്തിനു പിന്നിലുമെന്നാണ് ഇപ്പോള്‍ പൊലീസ് സംശയിക്കുന്നത്.
തിരുവനന്തപുരം അമ്പലമുക്കില്‍ നഴ്‌സറി ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കന്യാകുമാരി സ്വദേശി എസ്. രാജേന്ദ്രന്‍ (49) ആണോ ആനീസ് വധത്തിനു പിന്നിലുമെന്ന സംശയത്തിനു പിന്നാലെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. രാജേന്ദ്രന്റെ ചിത്രം പതിച്ച നോട്ടിസ് ഇരിങ്ങാലക്കുട മേഖലയില്‍ പുറത്തിറക്കിയിട്ടുണ്ടെന്നു ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിജോ അലക്‌സാണ്ടര്‍ അറിയിച്ചു.
ഈസ്റ്റ് കോമ്പാറയില്‍ ആനീസ് കൊല്ലപ്പെട്ട 2019ല്‍ രാജേന്ദ്രന്‍ ഇരിങ്ങാലക്കുട മേഖലയില്‍ എത്തിയിരുന്നോ എന്നതാണു ക്രൈം ബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. പ്രദേശത്തെവിടെയെങ്കിലും ജോലി ചെയ്തിരുന്നോ എന്നതിലാണു വ്യക്തത തേടുന്നത്. ഹോട്ടലുകള്‍, ഇറച്ചിക്കടകള്‍ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. 2019 നവംബര്‍ 14ന് വൈകിട്ട് ആറരയോടെ വീട്ടിനുള്ളില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിലാണ് ആനീസിന്റെ മൃതദേഹം കണ്ടെത്തിയത്.
കൈകളിലെ വളകള്‍ മോഷണം പോയിരുന്നെങ്കിലും കാതിലെ കമ്മലും കഴുത്തിലെ മാലയും അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടപ്പെട്ടിരുന്നില്ല. ഭര്‍ത്താവിന്റെ മരണശേഷം ഒറ്റയ്ക്കായിരുന്ന ആനീസിനു വീട്ടില്‍ കൂട്ടുകിടക്കാന്‍ ഒരു സ്ത്രീ എത്തിയിരുന്നു. ഇവരാണു മൃതദേഹം ആദ്യം കണ്ടത്. ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ നടത്തിയ കൊലപാതകം എന്ന നിലയിലായിരുന്നു അന്വേഷണം. ഫൊറന്‍സിക് വിദഗ്ദ്ധര്‍ വീട്ടില്‍ പരിശോധന നടത്തിയിട്ടും ഒരു തെളിവും ലഭിച്ചിരുന്നില്ല.
ആനീസിന്റെയും വിനീതയുടെയും കൊലപാതകങ്ങളില്‍ പ്രകടമായ സമാനതകളാണു ക്രൈം ബ്രാഞ്ചില്‍ സംശയം ജനിപ്പിക്കുന്നത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റാണു വിനീതയുടെ മരണം. ആനീസിന്റെ കഴുത്തിലും സമാന മുറിവുണ്ടായിരുന്നു. ആഭരണം മോഷ്ടിക്കാനായിരുന്നു ഇരു കൊലപാതകങ്ങളും. മോഷ്ടിച്ചും പിടിച്ചുപറിച്ചും ആഭരണങ്ങള്‍ സ്വന്തമാക്കാന്‍ എന്തു ക്രൂരതയ്ക്കും മടിയില്ലാത്തയാളാണു രാജേന്ദ്രനെന്നു പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കവര്‍ച്ചയ്ക്കു വേണ്ടി റിട്ട. കസ്റ്റംസ് ഓഫിസറെയും ഭാര്യയെയും കൊലപ്പെടുത്തിയതടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകള്‍ രാജേന്ദ്രന്റെ പേരിലുണ്ട്.
Post Your Comments