തിരുവന്തപുരം: മണൽക്കടത്ത് കേസിൽ തമിഴ്നാട്ടിൽ അറസ്റ്റിലായ ബിഷപ്പ് സാമുവൽ മാർ ഐറേനിയസിനും മറ്റ് അഞ്ച് വൈദികർക്കും വേണ്ടി മലങ്കര കത്തോലിക്ക സഭക്ക് കീഴിലെ പളളികളിൽ ഞായറാഴ്ച പ്രത്യേക പ്രാർത്ഥന നടന്നു. കഴിഞ്ഞ വെള്ളിയാഴ്ച തിരുനെൽവേലി സെഷൻസ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് പ്രാർത്ഥനക്ക് സഭാ നേതൃത്വം നിർദേശം നൽകിയത്.
ജാമ്യത്തിനായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് സഭയുടെ നീക്കം. അംബാ സമുദ്രത്തിൽ മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട ഭദ്രാസനത്തിന്റെ ഉടമസ്ഥതയിലുളള മുന്നൂറ് ഏക്കർ സ്ഥലത്ത് സഭ പാട്ടത്തിന് നൽകിയ ഭൂമിയുടെ മറവിൽ മണൽ ഘനനവും മണൽക്കടത്തും നടന്നതായാണ് കേസ്.
സഭയുടെ ഭൂമി കോട്ടയം സ്വദേശി മാനുവൽ ജോർജ്ജ് പാട്ടത്തിനെടുത്ത് മണൽ ഘനനം നടത്തുകയായിരുന്നു. എം സാൻഡ് സംഭരിക്കുന്നതിനായി തമിഴ്നാട് സർക്കാരിന്റെ അനുമതി വാങ്ങിയാണ് അനധികൃത മണൽ ഘനനം നടത്തിയത്. സംഭവത്തിൽ 9.75 കോടി രൂപയാണ് സർക്കാർ പിഴയിട്ടു.
അതേസമയം, കേസിൽ പങ്കില്ലെന്ന് സഭ വ്യക്തമാക്കുമ്പോഴും മലങ്കര കത്തോലിക്ക സഭാ പത്തനംതിട്ട ഭദ്രാസനത്തിലെ വൈദികരുടെ അറിവോടെയും ഇടപെടലോടെയുമാണ് നിയമ ലംഘനങ്ങൾ നടന്നതെന്ന് തമിഴ്നാട് ക്രൈംബ്രാഞ്ച് സിഐഡി വിഭാഗം കണ്ടെത്തിയിരുന്നു.
Post Your Comments