അമൃത്സർ : പഞ്ചാബിൽ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയുടെ പ്രധാനമന്ത്രി പഞ്ചാബിലെത്തിയപ്പോൾ സുരക്ഷാവീഴ്ച വരുത്തിയ വ്യക്തിയാണോ ഇപ്പോൾ പഞ്ചാബിലെ മുഴുവൻ ജനങ്ങൾക്കും സുരക്ഷ നൽകാൻ പോകുന്നതെന്നും അമിത് ഷാ പരിഹസിച്ചു. ലുധിയാനയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയിരുന്നു അദ്ദേഹം .
പഞ്ചാബിൽ വീണ്ടും കോൺഗ്രസ് സർക്കാർ രൂപീകരിക്കുന്നത് താൻ സ്വപ്നം കാണുകയാണെന്ന മുഖ്യമന്ത്രി ഛരൺജീത് സിംഗ് ഛന്നിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം. ഒരു സംസ്ഥാനത്തിനോ രാജ്യത്തിനോ സംരക്ഷണം നൽകാൻ അശ്രദ്ധയോടെ പെരുമാറുന്ന സർക്കാരിന് കഴിയുകയില്ല. സുരക്ഷാ വീഴ്ച വരുത്തിയ ഛന്നിക്ക് പഞ്ചാബിനെ ഇനിയും സുരക്ഷിതമായി നയിക്കാൻ കഴിയുമെന്ന് കരുതുന്നുണ്ടോയെന്നും അമിത് ഷാ ചോദിച്ചു.
നാളെയാണ് പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് നടക്കുന്നത്. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ ഛന്നി തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നാണ് പാർട്ടിയുടെ പ്രഖ്യാപനം. സുഖ്‌ദേവ് സിംഗ് ധിന്ദ്‌സ നേതൃത്വം നൽകുന്ന ശിരോമണി അകാലിദളും ക്യാപ്റ്റൻ അമരീന്ദർ സിംഗ് നേതൃത്വം നൽകുന്ന പഞ്ചാബ് ലോക് കോൺഗ്രസും ബിജെപിയുമായി സഖ്യം ചേർന്നാണ് തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്.
Post Your Comments