ഉദുമ: ഉല്ലാസ യാത്രയ്ക്ക് പോയ കുടുംബം പാർക്കിൽ വെച്ച് മറന്നത് സ്വന്തം കുഞ്ഞിനെ. യാത്ര കഴിഞ്ഞ് രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞ് കൂടെയില്ലാത്ത വിവരം വീട്ടുകാർ തിരിച്ചറിയുന്നത്. ഇതോടെ വീട്ടിൽ ബഹളമായതിൽ നാട്ടുകാരും പൊലീസും എത്തി. തുടർന്ന് കുടുംബം കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി വാട്സാപ്പ് ഗ്രൂപ്പുകളിൽ ശബ്ദസന്ദേശങ്ങൾ കൈമാറി. ഒടുവിൽ നാലു വയസ്സുകാരനെ മറ്റൊരു കുടുംബത്തിന്റെ സഹായത്തോടെ രക്ഷിതാക്കളിൽ എത്തിച്ചു.
വ്യാഴാഴ്ച രാത്രി ബേക്കൽ റെഡ് മൂൺ പാർക്കിലാണ് സംഭവം. കാസർകോട് മൊഗ്രാൽ പുത്തൂരിൽനിന്നും രണ്ട് വാഹനങ്ങളിൽ കുടുംബക്കാർ ബേക്കൽ റെഡ് മൂൺ പാർക്കടക്കമുള്ള സ്ഥലങ്ങളിൽ ഉല്ലാസയാത്ര വന്നു. രാത്രി എട്ടോടെ ഇവർ മടങ്ങിപ്പോകുമ്പോൾ സംഘത്തിലുണ്ടായിരുന്ന ഒരു നാലുവയസ്സുകാരൻ പാർക്കിൽ ഒറ്റപ്പെട്ടുപോയി. കളിചിരികൾക്കിടെ കുഞ്ഞ് ഒപ്പമുണ്ടോ എന്ന് ആരും ശ്രദ്ധിച്ചതും ഇല്ല.ഒന്നാമത്തെ വാഹനത്തിലുള്ളവർ കുഞ്ഞ് രണ്ടാമത്തെ വാഹനത്തിലുണ്ടെന്ന് വിശ്വസിച്ചു. രണ്ടാം വാഹനത്തിലുള്ളവർ തിരിച്ചും കരുതി.
വീട്ടിലെത്തി കുട്ടിയെ അന്വേഷിച്ചപ്പോഴാണ് കുട്ടി രണ്ട് വാഹനങ്ങളിലും ഇല്ലെന്നറിഞ്ഞത്. ഉടൻതന്നെ അടുത്ത പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. സാമൂഹികമാധ്യമങ്ങളിൽ ശബ്ദസന്ദേശവും എഴുതിയ സന്ദേശങ്ങളും പറന്നു. അതേസമയം പാർക്കിൽ ഒറ്റപ്പെട്ടു പോയ കുഞ്ഞ് എന്തു ചെയ്യണമെന്നറിയാതെ കരയുകയായിരുന്നു. തനിച്ചിരുന്ന് കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനെ തൃക്കരിപ്പൂരിൽനിന്നുള്ള കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അവർ വിവരങ്ങൾ ചോദിച്ചറിഞ്ഞു.
പിതാവിന്റെ ഫോൺ നമ്പർ കുഞ്ഞിനറിയാമെന്നറിഞ്ഞതോടെ തൃക്കരിപ്പൂരിലെ കുടുംബം കുട്ടിയെക്കൊണ്ട് വീട്ടിലേക്ക് വിളിപ്പിച്ച് വിവരങ്ങൾ കൈമാറി. രാത്രി ഒൻപതോടെ മൊഗ്രാലിൽനിന്നും വീട്ടുകാർ വീണ്ടും പാർക്കിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ഇത്രയുംസമയം തൃക്കരിപ്പൂരിലെ കുടുംബവും കുട്ടിക്ക് കാവലായി പാർക്കിലുണ്ടായിരുന്നു.
Post Your Comments