കൊച്ചി: കിറ്റെക്സ് കമ്പനിയിൽ അന്തര്‍സംസ്ഥാന തൊഴിലാളികളെ അടിമകളെപ്പോലെ പണിയെടുപ്പിക്കുന്നുവെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബർ 25 ന് രാത്രി കമ്പനിയിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് തൊഴിലാളികളുടെ ദയനീയാവസ്ഥ വിവരിക്കുന്നത്. തൊഴിലാളികളെ പുറത്തുപോകാന്‍ അനുവദിക്കാതെ ഗേറ്റ്പൂട്ടി പാറാവ് നിര്‍ത്തി അടിമകളെപ്പോലെ പണിയെടുപ്പിക്കുന്നത് അന്വേഷണസംഘം നേരില്‍കണ്ടു.
തൊഴിലാളികളെ പുറംലോകവുമായി ബന്ധപ്പെടാനോ സ്വന്തം ഇഷ്ടപ്രകാരം പുറത്തുപോകാനോ അനുവദിക്കാതെ പൂട്ടിയിട്ട് അടിമകളെപ്പോലെയാണ് പണിയെടുപ്പിക്കുന്നത്. ഇത് നിയമവിരുദ്ധമായ ബന്ധിത തൊഴിലിന് (ബോണ്ടഡ് ലേബര്‍) സമാനമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തൊഴിലാളികൾക്ക് നിയമം അനുശാസിക്കുന്ന മിനിമം വേതനം ലഭിക്കുന്നുണ്ടോ എന്നത് വ്യക്തമല്ലെന്നും തൊഴിലാളികളെ സംബന്ധിക്കുന്ന ഒരു രേഖയും തൊഴില്‍ വകുപ്പിന് നല്‍കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
തൊഴിലാളികളുടെ വേജ് രജിസ്റ്റര്‍ മുതലായ രേഖകളൊന്നും ലേബര്‍ ഓഫിസില്‍ കാണിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച് ലേബര്‍ ഓഫിസര്‍മാര്‍ അന്വേഷിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, കമ്പനിയെപ്പറ്റി ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് എറണാകുളം ജോയന്റ് റീജനല്‍ ലേബര്‍ കമീഷണര്‍ വസ്തുതാന്വേഷണ കമ്മീഷനോട് വ്യക്തമാക്കിയത്. കമ്പനി മാനേജ്മെന്റും പോലീസും തൊഴില്‍ വകുപ്പും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
Post Your Comments