ഡെറാഡൂൺ: കോൺഗ്രസിലെ ഗ്രൂപ്പ് വഴക്കും തമ്മിൽതല്ലും ചൂണ്ടിക്കാട്ടി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. പോരടിക്കുന്ന കോൺഗ്രസ് പാർട്ടിയിലെ നേതാക്കൾ തമ്മിൽ ഞണ്ടുകളെപ്പോലെ പരസ്പരം കാലു വാരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഉത്തരാഖണ്ഡിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ശിവരാജ് സിങ് ചൗഹാൻ.
“പരസ്പരം കുതികാൽവെട്ട് നടത്തുന്ന ഞണ്ടുകളുടെ പാർട്ടിയായി കോൺഗ്രസ് മാറി. കോൺഗ്രസ് നേതാക്കൾ എപ്പോഴും പരസ്പരം പോരടിക്കുകയാണ്. അവർക്ക് ഉത്തരാഖണ്ഡ് വികസിപ്പിക്കാൻ സാധിക്കില്ല. ആറുമാസം തുടർച്ചയായി ഉറങ്ങുകയും ഉറക്കമുണർന്നാൽ കണ്മുന്നിൽ കാണുന്നതെല്ലാം തിന്നുതീർക്കുകയും ചെയ്യുന്ന കുംഭകർണനെ പോലെയാണ് കോൺഗ്രസ് പാർട്ടി. ഇരുമ്പും മരവും മണ്ണും കല്ലും ഉൾപ്പെടെയെല്ലാം കോൺഗ്രസ് അകത്താക്കുന്നുണ്ട്”, മധ്യപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
പഞ്ചാബ്, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് പാർട്ടിയിൽ ചേരിപ്പോരുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ബിജെപി നേതാവിന്റെ ഈ പരാമർശം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും ശിവരാജ് സിങ് ചൗഹാൻ ശക്തമായി വിമർശിച്ചിരുന്നു. കുറച്ചുകാലം മുമ്പാണ് പാർട്ടിയുടെ ശക്തനായ യുവ നേതാവ് ജോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നത്.
Post Your Comments