തിരുവനന്തപുരം: ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ രംഗത്ത്. കര്‍ണാടകയില്‍ വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനം തന്നെയാണെന്നും അനാവശ്യമായി കുത്തിപ്പൊക്കിയ വര്‍ഗീയ വിവാദമാണെന്നും ഗഫൂർ പറഞ്ഞു. യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്തതെന്നും അതൊരു തെറ്റല്ലെന്നും കേരളത്തിലെ ഒട്ടുമിക്ക മുസ്ലിം സ്ഥാപനങ്ങളിലും യൂണിഫോമിനൊപ്പം വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നുണ്ടെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.
‘യൂണിഫോം നടപ്പാക്കാന്‍ ഒരു സര്‍ക്കാര്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ അത് നടപ്പാക്കേണ്ടി വരും. അങ്ങനെ നടപ്പാക്കുമ്പോള്‍ അതിന്റെ മുകളില്‍ കൂടി ഹിജാബ് ധരിക്കുകയെന്നത് കുട്ടികളുടെ അവകാശമാണ്. യൂണിഫോം ധരിക്കില്ല എന്ന് പറയുമ്പോള്‍ അത് വേറൊരു വിഷയമാണെന്നും ഫസല്‍ ഗഫൂര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. അതേസമയം എംഇഎസ് സ്ഥാപനങ്ങളില്‍ മുഖം മറയ്ക്കുന്ന നിഖാബ് ധരിച്ചു വരരുതെന്നത് ഉറച്ച നിലപാടാണ്’- ഫസല്‍ ഗഫൂര്‍ പറഞ്ഞു.
‘എംഇഎസ് കലാലയങ്ങളില്‍ ധാരാളം കുട്ടികള്‍ ഹിജാബ് ധരിക്കുന്നുണ്ട്. പക്ഷെ മുഖംമൂടി ധരിക്കുന്നതാണ് ഞങ്ങള്‍ വിലക്കിയത്. അത് കോടതി ശരിവെക്കുകയും ചെയ്തു. എംഇഎസ് മാത്രമല്ല ഒട്ടുമിക്ക മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂണിഫോമിന് മുകളിലൂടെ ഹിജാബ് ധരിച്ചാണ് വിദ്യാര്‍ത്ഥികള്‍ വരുന്നത്. എംഇഎസിനെ സംബന്ധിച്ച് മുഖം മൂടി ധരിച്ച് വരേണ്ട എന്നതില്‍ യാതൊരു തര്‍ക്കവുമില്ല’-ഫസല്‍ ഗഫൂര്‍ പറഞ്ഞു.
Post Your Comments