ന്യൂഡൽഹി: ജമ്മു കശ്മീരിൽ പണ്ഡിറ്റുകളെ പുനരധിവസിപ്പിച്ച് കേന്ദ്രസർക്കാർ. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ 500 കുടുംബങ്ങളാണ് കശ്മീരിലേക്ക് തിരികെയെത്തിയത്. 2020-ൽ ജമ്മു കശ്മീരിൽ 370-ാം വകുപ്പ് റദ്ദാക്കിയതിന് ശേഷം, വ്യാപക പ്രതിഷേധമാണ് അവിടെ ഉയർന്നു വന്നത്. എന്നാൽ, ഇപ്പോൾ ജമ്മു കശ്മീരിലെ സാധാരണ ജീവിതം സുരക്ഷിതമാണെന്ന് ആഭ്യന്തര വകുപ്പ് സഹമന്ത്രി നിത്യാനന്ദ റായി വ്യക്തമാക്കി. ഇതിന്റെ ഏറ്റവും നിർണ്ണായകമായ തെളിവാണ് പണ്ഡിറ്റുകളുടെ പുനരധിവാസമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കശ്മീരിലെ പണ്ഡിറ്റുകൾ അവർ എവിടെ നിന്നാണോ ഓടിപ്പോകേണ്ടി വന്നത് അതേ പ്രദേശത്ത് അവരുടെ സ്വന്തം ഭൂമി തിരികെ കൊടുക്കുന്ന സംവിധാനമാണ് ഭരണകൂടം നടപ്പാക്കികൊണ്ടിരിക്കുന്നതെന്ന് നിത്യാനന്ദ റായി പറഞ്ഞു. 1997ലെ ജമ്മു കശ്മീർ കുടിയേറ്റ നിയമപ്രകാരം ജില്ലാ മജിസ്‌ട്രേറ്റുമാരായ കളക്ടർമാരാണ് ഭൂമിയുടെ സംരക്ഷകരെന്ന് അദ്ദേഹം അറിയിച്ചു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും സുരക്ഷിതമാണെന്ന് നിത്യാനന്ദ റായി വ്യക്തമാക്കി.
പ്രധാനമന്ത്രി വികസന നിധിയുടെ ഭാഗമായി, 2015ലെ നിയമപ്രകാരം 1080 കോടി രൂപയാണ് കശ്മീരി പണ്ഡിറ്റുകൾക്കായി നീക്കി വച്ചിരുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനായി 753.89 കോടി രൂപയാണ് മുടക്കിയതെന്ന് അദ്ദേഹം അറിയിച്ചു. കെട്ടിട സമുച്ചയങ്ങൾ പണിയാനും മറ്റ് അനുബന്ധ സംവിധാനങ്ങൾക്കുമായിട്ടാണ് ഈ തുക ചിലവാക്കിയിരിക്കുന്നത്. പുനരധിവാസത്തിന്റെ ഭാഗമായി സർക്കാർ മേഖലകളിൽ 3000 തസ്തികകൾ തൊഴിൽ നൽകാനായി സൃഷ്ടിച്ചുവെന്ന് നിത്യാനന്ത റായി വ്യക്തമാക്കി.
Post Your Comments