മുസാഫര്‍നഗര്‍: ഉത്തർ പ്രദേശിൽ ഇന്ന് വോട്ടെടുപ്പ് നടക്കുമ്പോൾ ചാര്‍ത്തവാള്‍ നിയമസഭാ മണ്ഡലത്തിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി യാവര്‍ റോഷന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ മേഖലയിലെ 11 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 58 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപായി ഇന്നലെയാണ് അദ്ദേഹം പാര്‍ട്ടിവിട്ട് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്.
മുസാഫര്‍നഗര്‍ ജില്ലയിലെ ചാര്‍ത്തവാള്‍ ടൗണില്‍ എസ് പി സ്ഥാനാര്‍ത്ഥി പങ്കജ് മാലിക്കിന് പിന്തുണ പ്രഖ്യാപിച്ച് റോഷന്‍ എഎപിയില്‍ നിന്ന് രാജിവെച്ചതായി അറിയിച്ചു. സമാജ്വാദി പാര്‍ട്ടിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് പ്രഖ്യാപിക്കുന്ന റോഷനെ എസ് പി സ്ഥാനാര്‍ത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഓഫീസില്‍ കാണുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അതേസമയം, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് റോഷനെ പാര്‍ട്ടിയില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി പുറത്താക്കി.
തെരഞ്ഞെടുപ്പില്‍ എസ് പി സ്ഥാനാര്‍ത്ഥി മാലിക്കിനെ പിന്തുണയ്ക്കുമെന്ന് വ്യക്തിപരമായി പ്രഖ്യാപിച്ച റോഷനെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ജില്ലാ ജനറല്‍ സെക്രട്ടറി തസാവര്‍ ഹുസൈന്‍ പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നു. അതേസമയം, ഉത്തര്‍ പ്രദേശില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചു. 11 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 58 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടടുപ്പ് വൈകീട്ട് ആറ് വരെ തുടരും. കൊവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരഞ്ഞെടുപ്പ്.
Post Your Comments