കർണാടകയിലെ ഹിജാബ് വിഷയം വർഗീയമായ ചേരിതിരിവിലേക്ക് നയിച്ചിരിക്കുകയാണ്. മാണ്ഡ്യയിലെ പിഇഎസ് കോളേജിൽ പർദ്ദ ധരിച്ചെത്തിയ പെൺകുട്ടിയെ ‘ജയ് ശ്രീറാം’ വിളിച്ച് അടുത്തുകൂടിയ വിദ്യാർത്ഥികൾക്ക് മറുപടിയുമായി പെൺകുട്ടി ‘അല്ലാഹു അക്ബർ’ വിളിച്ചത് ചർച്ചയാവുകയാണ്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ ജയ് ശ്രീറാമിന് മറുപടി അല്ലാഹു അക്ബർ എന്നാവരുത് എന്ന പ്രചാരണവുമായി ഒരു വിഭാഗം ആളുകൾ രംഗത്തുണ്ട്. എന്നാൽ, ഇത്തരക്കാർക്ക് മറുപടി നൽകുകയാണ് സാമൂഹ്യ പ്രവർത്തക ശ്രീജ നെയ്യാറ്റിൻകര. ‘ജയ് ശ്രീറാം’ എന്ന വയലൻസ് ഉത്പാദിപ്പിക്കുന്ന ഹിന്ദുത്വ ആൺ കൂട്ട ആക്രോശവും ‘അല്ലാഹു അക്ബർ’ എന്ന പ്രതിരോധത്തിന്റെ കരുത്തുറ്റ പെൺ ശബ്ദവും എങ്ങനെയാണ് ഒന്നാകുക എന്ന് ശ്രീജ ചോദിക്കുന്നു.
Also Read:യുപി തിരഞ്ഞെടുപ്പ് : സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത് 50000 സൈനികരെ
‘അല്ലാഹു അക്ബർ’ എന്ന് വിളിച്ച് തലയുയർത്തി നിർഭയത്വത്തോടെ നടന്നു നീങ്ങുന്ന ആ പെൺകുട്ടി വംശഹത്യയുടെ മുനമ്പിലൂടെ കടന്നു പോകുന്ന ഒരു സമൂഹത്തിന് നൽകുന്ന ധൈര്യവും ആശ്വാസവും ആത്മവിശ്വാസവും ഒട്ടും ചെറുതായിരിക്കില്ല എന്ന് ശ്രീജ നെയ്യാറ്റിൻകര വ്യക്തമാക്കുന്നു. അക്രമണോത്സുകതയോടെ ജയ് ശ്രീറാം വിളിച്ചു പാഞ്ഞു വരുന്ന ഹിന്ദുത്വ ഭീകര വാദികളായ ഒരു വലിയ സംഘം ആൺകൂട്ടത്തെ ധീരമായി നേരിട്ട ആ പെൺകുട്ടിയെ ചേർത്തു പിടിക്കാൻ കഴിയാതെ അവളെ ഓഡിറ്റ് ചെയ്ത് മതേതരത്വത്തെ കുറിച്ച് ക്ലാസെടുക്കുന്നവർ എന്ത് തരം ഫാസിസ്റ്റ് വിരുദ്ധരാണ് എന്ന് ശ്രീജ ചോദിക്കുന്നു.
ശ്രീജ നെയ്യാറ്റിൻകരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:
‘ജയ് ശ്രീറാം ‘എന്ന വയലൻസ് ഉത്പാദിപ്പിക്കുന്ന ഹിന്ദുത്വ ആൺ കൂട്ട ആക്രോശവും ‘അല്ലാഹു അക്ബർ’ എന്ന പ്രതിരോധത്തിന്റെ കരുത്തുറ്റ പെൺ ശബ്ദവും എങ്ങനെയാണ് ഒന്നാകുക …? ഞാൻ ഒരു മതവിശ്വാസി അല്ല ശ്രീരാമനേയോ അല്ലാഹുവിനെയോ വിശ്വസിക്കുന്ന ഒരു സ്ത്രീയല്ല . എന്നാൽ ഞാൻ ഒരു മതേതര വിശ്വാസിയാണ്. അതുകൊണ്ടുതന്നെ ചിലത് പറയാൻ ആഗ്രഹിക്കുന്നു. തന്റെ മത വിശ്വാസമനുസരിച്ചുള്ള വസ്ത്രം ധരിച്ച് ഒരു പെൺകുട്ടി താൻ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് കടന്നു വരുമ്പോൾ അവൾക്ക് നേരെ ഒരു കൂട്ടം ഹിന്ദുത്വ ഭീകരവാദികൾ ജയ് ശ്രീറാം എന്നാക്രോശിച്ചു കൊണ്ട് കാവി ഷാൾ വീശി പാഞ്ഞടുക്കുന്നു. അവൾ അവർക്ക് മുന്നിൽ നിന്ന് ‘അല്ലാഹു അക്ബർ ‘എന്ന് വിളിക്കുന്നു.
ആദ്യത്തേത് അക്രമവും രണ്ടാമത്തേത് പ്രതിരോധവും എന്ന് വിലയിരുത്തുന്നതാണ് ഞാൻ മനസിലാക്കുന്ന മതേതരത്വം. അവളുടെ ആ പ്രതിരോധത്തെ ഓഡിറ്റ് ചെയ്യുന്നവർ അവർ ആരായാലും ഹിന്ദുത്വയുടെ മുസ്ലീം ഉന്മൂലന അജണ്ടയ്ക്ക് ജയ് വിളിക്കുകയാണവർ. കപട മതേതരത്വത്തിന്റെ വക്താക്കളാണവർ. ഒരു മത വിശ്വാസിയാണവൾ അരക്ഷിതാവസ്ഥയിൽ പെടുന്ന ഒരു മതവിശ്വാസി ദൈവത്തെ അഭയം പ്രാപിക്കുന്നത് സ്വാഭാവികമാണ്. അവൾ കത്തിയും പിടിച്ച് ആരെയെങ്കിലും അരിഞ്ഞു വീഴ്ത്തി കൊണ്ടല്ല അല്ലാഹു അക്ബർ എന്ന് വിളിച്ചത് പാഞ്ഞടുക്കുന്ന അക്രമിക്കൂട്ടത്തിന് മുന്നിൽ നിന്ന് പിന്തിരിഞ്ഞോടാതെ അവൾ അവളുടെ ദൈവത്തെ വിളിക്കുകയായിരുന്നു. “എനിക്ക് ഭയമില്ല കാരണം നിങ്ങളേക്കാൾ വലിയവനായ ദൈവം എനിക്കൊപ്പമുണ്ട് “എന്ന് അവൾ പ്രഖ്യാപിക്കുകയായിരുന്നു.. അല്ലാഹു അക്ബർ എന്ന് വിളിച്ച് തലയുയർത്തി നിർഭയത്വത്തോടെ നടന്നു നീങ്ങുന്ന ആ പെൺകുട്ടി വംശഹത്യയുടെ മുനമ്പിലൂടെ കടന്നു പോകുന്ന ഒരു സമൂഹത്തിന് നൽകുന്ന ധൈര്യവും ആശ്വാസവും ആത്മ വിശ്വാസവും ഒട്ടും ചെറുതായിരിക്കില്ല.ഹിന്ദുത്വയുടെ ഇരയായ ഒരു മുസ്ലീം സ്ത്രീക്ക് നിർഭയത്വത്തോടെ പ്രതികരിക്കാൻ കരുത്ത് നൽകുന്ന പ്രത്യയ ശാസ്ത്രം ഇസ്ലാമാണ്. ഞാനടക്കമുള്ള മറ്റുള്ളവർക്ക് അത് മറ്റു വല്ലതുമായിരിക്കും അതേതായാലും അതിനീ രാജ്യത്ത് സ്വാതന്ത്ര്യമുണ്ട് അത് അംഗീകരിക്കുക എന്നതാണ് ഭരണഘടനാ ബോധമുള്ളവർ ചെയ്യുക.
Also Read:ഓർഡർ ചെയ്തത് ഐഫോൺ 13 പ്രോ മാക്സ് : യുവതിക്ക് കിട്ടിയത് സോപ്പ്
അല്ലാഹു അക്ബർ വിളിയിൽ അസ്വസ്ഥയുള്ളവർ കാണുന്ന പ്രശ്നം എന്താണ്? അവളുടെ ആ വിളിയിൽ ഇന്ത്യൻ മതേതരത്വം കടപുഴകി വീണെന്നോ ..?അങ്ങനെയെങ്കിൽ നിങ്ങൾക്ക് മതേതരത്വത്തെ കുറിച്ച് ഒരു ചുക്കുമറിയില്ല എന്ന് സാരം. ഒരു മതവിശ്വാസിക്ക് തന്റെ വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവകാശം നൽകുന്ന ഒരു ഭരണഘടനയുണ്ട് ഈ രാജ്യത്ത്. ആ ഭരണഘടന അവൾക്ക് അല്ലാഹു അക്ബർ എന്ന് വിളിക്കാൻ പൂർണ്ണമായും അവകാശം നൽകുന്നു. ആ ഭരണഘടനയെ നിരന്തരമായി അട്ടിമറിച്ചു കൊണ്ടിരിക്കുന്ന ഹിന്ദുത്വ വാദികളാണ് ഇന്ത്യൻ മതേതരത്വത്തിന് എക്കാലവും വെല്ലുവിളിയും ഭീഷണിയും ഉയർത്തുന്നത്. അതിന് നേരെ വിരൽചൂണ്ടാതെ ഒരു മുസ്ലീം പെൺകുട്ടി അരക്ഷിതാവസ്ഥ മറികടക്കാൻ വിളിച്ച അല്ലാഹു അക്ബർ എന്ന വിളിയാണ് മതേതരത്വത്തിന് പ്രശ്നമെങ്കിൽ ആ മതേതരത്വം ശുദ്ധ കാപട്യമാണ്. ആ മതേതരത്വത്തിൽ ഞാൻ തീരെ വിശ്വസിക്കുന്നില്ല.
അക്രമണോത്സുകതയോടെ ജയ് ശ്രീറാം വിളിച്ചു പാഞ്ഞു വരുന്ന ഹിന്ദുത്വ ഭീകര വാദികളായ ഒരു വലിയ സംഘം ആൺകൂട്ടത്തെ ധീരമായി നേരിട്ട ആ പെൺകുട്ടിയെ ചേർത്തു പിടിക്കാൻ കഴിയാതെ അവളെ ഓഡിറ്റ് ചെയ്ത് മതേതരത്വത്തെ കുറിച്ച് ക്ലാസെടുക്കുന്നവർ എന്ത് തരം ഫാസിസ്റ്റ് വിരുദ്ധരാണ് ? എന്തിനെയാണോ ഹിന്ദുത്വ ടാർജറ്റ് ചെയ്യുന്നത് അതിൽ നിന്നുകൊണ്ടാണ് അവൾ പ്രതിരോധം തീർക്കുന്നത് അതാണ് യഥാർത്ഥ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം അഥവാ ഹിന്ദുത്വ ടാർജറ്റ് ചെയ്യുന്നത് മുസ്ലീം സ്വത്വത്തെയാണ്. ആ സ്വത്വത്തെ ഉയർത്തി പിടിച്ചു കൊണ്ടാണ് അവൾ പോരാടിയത് അതായത് അവളാണ് ധീരയായ, പോരാളിയായ ഫാസിസ്റ്റ് വിരുദ്ധ. ഹിന്ദുത്വ ഭീകവാദികൾ ഹിജാബ് ധരിച്ച അവൾക്ക് നേരെ പാഞ്ഞു വന്നതിന്റെ രാഷ്ട്രീയം പോലും മനസിലാക്കാതെ എത്ര ലളിതമായാണ് ജയ് ശ്രീറാം വിളിയും അല്ലാഹു അക്ബർ വിളിയും ഒരുപോലെയാണെന്ന് ഓരോരുത്തർ എഴുതിക്കൂട്ടുന്നത്. എന്തായിരുന്നു അവൾ ചെയ്യേണ്ടിയിരുന്നത്? അവിടെ നിന്ന് തലകുനിച്ച് ഓടി മാറണമായിരുന്നോ?അതോ പൊട്ടിക്കരയണമായിരുന്നോ? അതോ ഹിജാബഴിച്ചു വലിച്ചെറിയണമായിരുന്നോ? എന്നാൽ നിങ്ങൾക്ക് കണ്ണീർക്കഥ പാടി പ്രബന്ധ രചന നടത്താമായിരുന്നു അല്ലേ? നിങ്ങളുടെ കണ്ണീർക്കഥയ്ക്കുള്ള അവസരം കൂടെയാണ് ആ പെൺകുട്ടി നഷ്‌ടപ്പെടുത്തിയത്.
‘ജയ് ശ്രീറാം വിളിക്ക് അല്ലാഹു അക്ബർ മറുപടി ആകരുത്’എന്ന വിസ്ഡം ഗ്രൂപ്പിന്റെ ജനറൽ സെക്രട്ടറി ടി കെ അഷ്‌റഫിന്റെ ഒരു പ്രസ്താവന കണ്ടു …. അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാണ് എന്താണ് താങ്കളുടെ യഥാർത്ഥ പ്രശ്നം? കാൽക്കാശിന്റെ രാഷ്ട്രീയ ബോധമുണ്ടോ താങ്കൾക്ക്?അങ്ങനൊരു പ്രസ്താവനയിലൂടെ ഹിന്ദുത്വയെ നോർമലൈസ് ചെയ്ത താങ്കൾ ചെയ്ത രാഷ്ട്രീയ അധാർമ്മികത താങ്കൾക്ക് മനസ്സിലാകുന്നുണ്ടോ? എന്താണ് ഹിന്ദുത്വയെ കുറിച്ച് താങ്കൾ മനസിലാക്കിയിരിക്കുന്നത് ? പോട്ടെ രാഷ്ട്രീയ പ്രതിരോധങ്ങളെ കുറിച്ച് താങ്കൾ എന്താണ് മനസിലാക്കിയിരിക്കുന്നത്? ജയ് ശ്രീറാം വിളിച്ചു കൊണ്ട് അലറി പാഞ്ഞടുക്കുന്ന ഹിന്ദുത്വയെ പ്രതിരോധിക്കാൻ ഒരു മുസ്ലീം പെൺകുട്ടി ‘അല്ലാഹു അക്ബർ’വിളിക്കുമ്പോൾ അതിനെ നോക്കി ജയ് ശ്രീറാം വിളിക്ക് അല്ലാഹു അക്ബർ മറുപടിയാകരുത് എന്ന് പറയാൻ എങ്ങനെ കഴിയുന്നു ടി കെ അഷ്റഫേ ….? മുസ്ലീമായത് കൊണ്ട് മാത്രം തടവറയിലടയ്ക്കപ്പെട്ട ആയിരക്കണക്കിന് മുസ്ലീങ്ങളുണ്ട് ഇന്ത്യൻ ജയിലുകളിൽ അവരുടെ അതിജീവനത്തിന് കരുത്ത് പകരുന്ന വിശ്വാസമാണ് അല്ലാഹു അക്ബർ. വംശഹത്യയുടെ വക്കിൽ അങ്ങേയറ്റം അരക്ഷിതാവസ്ഥയിൽ കഴിയുന്ന ഒരു ജനവിഭാഗത്തിന് ഹിന്ദുത്വയ്ക്കും കപട മതേതര വിശ്വാസികൾക്കും മുന്നിൽ പ്രതിരോധിച്ചു നിൽക്കാൻ അല്ലാഹു അക്ബർ എന്ന വാക്ക് കരുത്ത് പകരുന്നു എങ്കിൽ അത് ഈ ഫാസിസ്റ്റ് കാലത്ത് വലിയ കാര്യം തന്നെയാണ് ടി കെ അഷ്‌റഫേ.
മതപ്രബോധനം ഒരു ഭരണഘടനാവകാശമായിരിക്കെ അത് ചെയ്ത വിസ്ഡം പ്രവർത്തകരെ സംഘ പരിവാർ തെരുവിൽ വളഞ്ഞിട്ടാക്രമിച്ചപ്പോൾ നിങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച ഒരു സ്ത്രീയാണ് ഞാൻ. ആ വിഷയത്തിൽ സംഘപരിവാറിന് മരുന്നിട്ട് കൊടുക്കരുത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞപ്പോൾ അതിനെതിരെ ശക്തമായി നിലപാടെടുത്ത ഒരാളാണ് ഞാൻ. ആ എനിക്ക് നിങ്ങളുടെ പല നിലപാടുകളും കാണുമ്പോൾ നിങ്ങളുടെ രാഷ്ട്രീയ ബോധത്തെ കുറിച്ചോർത്ത് എന്നോട് തന്നെ സഹതാപം തോന്നിപ്പോയിട്ടുണ്ട്. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ. മതേതരത്വം എന്നാൽ എനിക്ക് ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും മതവിശ്വാസിയായ ആ പെൺകുട്ടിക്ക് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവുമാണ്. ഹിജാബ് ഭരണഘടനാ സ്വാതന്ത്ര്യമാണ് അല്ലാഹു അക്ബർ വിളിയും ഭരണഘടനാ സ്വാതന്ത്ര്യമാണ് . വൈവിധ്യങ്ങളുടെ രാഷ്ട്രീയത്തെയാണ് നമ്മൾ ഇന്ത്യ എന്ന് ചുരുക്കി വിളിക്കുന്നത്. പ്രിയപ്പെട്ട പെൺകുട്ടീ നിന്നെ ഞാൻ ഇഷ്ടപ്പെടുന്നു ഹിന്ദുത്വ ആൺകൂട്ടത്തിനു മുന്നിൽ നിർഭയത്വത്തിന്റെ രാഷ്ട്രീയമുയർത്തി ജ്വലിച്ചു നിന്ന നിന്നോട് ആദരവും കെട്ടിപ്പിടിച്ചുമ്മ വയ്ക്കാൻ തോന്നുന്ന നിറഞ്ഞ സ്നേഹവും മാത്രം.
Post Your Comments