Latest NewsIndia

കേന്ദ്രത്തിന്റെ പുതിയ അക്രഡിറ്റേഷൻ നയം, ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും അംഗീകാരം

ന്യൂഡൽഹി: കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം തയ്യാറാക്കിയ പുതിയ അക്രഡിറ്റേഷൻ നയം പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കി. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും, രാജ്യത്തിന്റെ സുരക്ഷയ്‌ക്കും, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധത്തിനും, പൊതുക്രമത്തിനും, മര്യാദയ്‌ക്കും വിരുദ്ധമായി പ്രവർത്തിച്ചാൽ മാദ്ധ്യമപ്രവർത്തകർക്ക് സർക്കാരിന്റെ അംഗീകാരം നഷ്ടപ്പെടുമെന്ന് പ്രസ്താവിക്കുന്ന ഒരു വ്യവസ്ഥയും നയത്തിൽ ചേർത്തിട്ടുണ്ട്.

കൂടാതെ കോടതിയലക്ഷ്യം, അപകീർത്തിപ്പെടുത്തൽ അല്ലെങ്കിൽ കുറ്റകൃത്യത്തിന് പ്രേരണ എന്നിവയുമായി ബന്ധപ്പെട്ടും അംഗീകാരം നഷ്ടപ്പെടാം. അക്രഡിറ്റേഷൻ ദുരുപയോഗം ചെയ്താൽ അത് പിൻവലിക്കുകയോ സസ്‌പെൻഡ് ചെയ്യുകയോ ചെയ്യുമെന്നും നയത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. അക്രഡിറ്റേഷൻ സസ്‌പെൻഡ് ചെയ്യുന്നതിനുള്ള മറ്റ് പത്ത് വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പത്രപ്രവർത്തനേതര പ്രവർത്തനങ്ങൾ, തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കൽ, പത്രപ്രവർത്തകൻ പ്രവർത്തിക്കുന്ന സ്ഥാപനം നിലവിലില്ലെങ്കിലോ അല്ലെങ്കിൽ മാദ്ധ്യമപ്രവർത്തകൻ സംഘടനയിൽ നിന്ന് പുറത്തുപോയാൽ അക്രഡിറ്റേഷൻ സസ്‌പെന്റ് ചെയ്യാം. സോഷ്യൽ മീഡിയയിലോ വിസിറ്റിംഗ് കാർഡുകളിലോ ലെറ്റർഹെഡുകളിലോ ‘ഇന്ത്യ ഗവൺമെന്റ് അംഗീകൃതം’ എന്ന് പരാമർശിക്കുന്നതിൽ നിന്ന് പുതിയ നയം പത്രപ്രവർത്തകനെ വിലക്കുന്നു.

പുതിയ നയം അനുസരിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന മാദ്ധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷന് അർഹതയുണ്ട്. മാദ്ധ്യമപ്രവർത്തകർക്കെതിരെ ‘ഗുരുതരമായ കുറ്റം’ ചുമത്തിയാൽ അക്രഡിറ്റേഷൻ സസ്‌പെൻഡ് ചെയ്യാമെന്ന് പുതിയ നയം വ്യക്തമാക്കുന്നു.ഡൽഹിയിലെ സർക്കാർ ഓഫീസുകളിലേക്കോ, രാഷ്‌ട്രപതിയോ പ്രധാനമന്ത്രിയോ പങ്കെടുക്കുന്ന ഏതെങ്കിലും പ്രത്യേക പരിപാടികളിലോ പ്രവേശിക്കണമെങ്കിൽ മാദ്ധ്യമപ്രവർത്തകർക്ക് അക്രഡിറ്റേഷൻ ആവശ്യമാണ്.

പുതിയ നയത്തിൽ ഓൺലൈൻ വാർത്താ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന മാദ്ധ്യമപ്രവർത്തകരുടെ അക്രഡിറ്റേഷൻ സംബന്ധിച്ച മാർഗനിർദേശങ്ങൾ ഉൾപ്പെടുന്നു. എന്നാൽ വാർത്ത സമാഹരിക്കുന്നവരെ പരിഗണിക്കില്ല. പുതിയ നയം അനുസരിച്ച്, വെബ്സൈറ്റിന്റെ ‘കഴിഞ്ഞ ആറ് മാസത്തെ ശരാശരി പ്രതിമാസ സന്ദർശകരുടെ എണ്ണം’ റിപ്പോർട്ടുചെയ്യുന്നതിനൊപ്പം, വെബ്സൈറ്റിന്റെ സിഎജി-അംഗീകൃത/എംപാനൽ ഓഡിറ്റർമാർ ശരിയായി സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഒരു വർഷത്തിലേറെയായി നിലനിൽക്കണം എന്ന നിബന്ധനയുമുണ്ട്.

ഒരു വെബ്സൈറ്റിന് പ്രതിമാസം 10 മുതൽ 50 ലക്ഷം വരെ സന്ദർശകരുള്ള ട്രാഫിക് ഉണ്ടെങ്കിൽ, അവർക്ക് അവരുടെ ഒരു മാദ്ധ്യമപ്രവർത്തകനെ അക്രഡിറ്റേറ്റ് ചെയ്യാൻ കഴിയും. അതേസമയം പ്രതിമാസം ഒരു കോടിയിലധികം സന്ദർശകരുള്ള വെബ്സൈറ്റിന് നാല് പത്രപ്രവർത്തകർക്ക് അംഗീകാരം ലഭിക്കും. ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് പുറമെ, പത്രങ്ങൾ, ആഴ്ചതോറുമുള്ള അല്ലെങ്കിൽ രണ്ടാഴ്ചയിലൊരിക്കയിലുളള മാസികകൾ, വാർത്താ ഏജൻസികൾ, വിദേശ പ്രസിദ്ധീകരണങ്ങൾ, ടിവി ചാനലുകൾ അല്ലെങ്കിൽ ഏജൻസികൾ, ഇന്ത്യൻ ടിവി വാർത്താ ചാനലുകൾ എന്നിവയും അവയുടെ വലുപ്പത്തെ അടിസ്ഥാനമാക്കി അക്രഡിറ്റേഷന് അർഹമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button