തിരുവനന്തപുരം: നാളെ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഇഡിയുടെ കസ്റ്റഡിയിലിരിക്കെ പുറത്ത് വന്ന തന്‍റെ ശബ്ദരേഖ ആസൂത്രിതമായിരുന്നെന്ന സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് ഇഡി നോട്ടീസ് അയച്ചത്. കഴിഞ്ഞ ദിവസം നിരവധി മാധ്യമങ്ങൾക്ക് അനുവദിച്ച അഭിമുഖങ്ങളിലാണ് ഇഡിയുടെ കസ്റ്റഡിയിലിരിക്കെ തന്‍റേതായി പുറത്തുവന്ന ശബ്ദരേഖ ആസൂത്രിതമായിരുന്നെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മന്ത്രിമാരുടെയും പേരുകൾ പറയാൻ ഇഡി തന്നിൽ സമ്മർദ്ദം ചെലുത്തി എന്നാണ് സ്വപ്ന ശബ്ദരേഖയിൽ പറഞ്ഞിരുന്നത്. എന്നാൽ തനിക്ക് അത്തരത്തിൽ ഒരു സമ്മർദ്ദം ഉണ്ടായിട്ടില്ലെന്നും, ഒരു സുരക്ഷാ ഉദ്യോഗസ്ഥ ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ അന്ന് അങ്ങനെ പറഞ്ഞതെന്നും ആണ് സ്വപ്ന ഇപ്പോൾ പറയുന്നത്. കള്ളപ്പണ ഇടപാടിൽ ശിവശങ്കർ കൂടുതൽ വിവരങ്ങൾ അറിഞ്ഞിരുന്നുവെന്നും സ്വപ്ന അഭിമുഖങ്ങളിൽ തുറന്നുപറഞ്ഞു. ഈ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇഡി നാളെ സ്വപ്നയെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.
സ്വപ്നയുടെ വിവാദമായ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ വിശദമായ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ജുഡീഷ്യൽ കമ്മീഷനെ പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്‍റെ ഈ തീരുമാനം സിംഗിള്‍ ബെഞ്ച് റദ്ദാക്കിയെങ്കിലും ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീൽ ഇപ്പോൾ ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലാണ്. കോടതിയിൽ ഉടൻ തന്നെ പുതിയ വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കാനാണ് ഇഡിയുടെ നീക്കം. കേസിൽ കുറ്റപ്പത്രം സമർപ്പിച്ച് കഴിഞ്ഞെങ്കിലും കൂടുതൽ തെളിവ് ശേഖരണത്തിന്റെ സാധ്യത പരിശോധിക്കുകയാണ് ഇപ്പോൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ്.
Post Your Comments