തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ ശരിവെച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. ശബ്ദസന്ദേശം ആസൂത്രിതമാണെന്ന് സ്വപ്ന നേരത്തെ മൊഴി നല്‍കിയിരുന്നതായി ഇഡി പറഞ്ഞു. ഇക്കാര്യം കോടതിയിലും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറിയിച്ചു.
എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലിരിക്കെ പുറത്തുവന്ന ശബ്ദസന്ദേശം കെട്ടിച്ചമച്ചതാണെന്നാണ് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്. സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ ഹൈക്കോടതിയെ അറിയിക്കുന്നതും കേന്ദ്ര ഏജന്‍സികളുടെ പരിഗണനയിലുണ്ട്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ സ്വപ്നയുടെ വെളിപ്പെടുത്തലുകള്‍ അപ്പീലില്‍ അറിയിക്കാനാണ് കേന്ദ്ര ഏജന്‍സികള്‍ ആലോചിക്കുന്നത്.
സ്വര്‍ണ്ണ കടത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലും കസ്റ്റംസ് പരിശോധിക്കും. സ്വപ്നയുടെ രഹസ്യമൊഴിയില്‍ സുപ്രധാന വിവരങ്ങളുണ്ടെന്ന് നേരത്തെ കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. ശിവശങ്കറിന്റെ അശ്വത്ഥാമാവ് വെറും ആന എന്ന പുസ്തകത്തിലെ പ്രധാന ഭാഗങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷും എത്തിയത്. സ്വപ്ന തന്നെ ചതിച്ചതാണെന്നും സ്വര്‍ണ്ണ കടത്തിനെ കുറിച്ച് അറിയില്ലെന്നുമാണ് ശിവശങ്കര്‍ പുസ്തകത്തില്‍ പറയുന്നത്.
Post Your Comments