
മുംബൈ: രാത്രിയില്‍ പാല്‍ ആവശ്യപ്പെട്ട് കരഞ്ഞ കാമുകിയുടെ കുഞ്ഞിനെ 21 കാരന്‍ കൊലപ്പെടുത്തി. മുംബൈ ഭയന്ദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ആദില്‍ മുനവര്‍ ഖാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വയസുകാരി സോനാലിയാണ് ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം കുട്ടിയുടെ മാതാവ് പൂജ വാഗും പ്രതിയായ യുവാവും ഒരുമിച്ചായിരുന്നു താമസം. രണ്ട് മക്കളാണ് പൂജക്കുള്ളത്. ആറ് വയസ്സുകാരിയായ ആദ്യ മകള്‍ മുന്‍ ഭര്‍ത്താവിനോടൊപ്പമാണ് താമസം.
സ്വകാര്യ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരിയായ പൂജ ചൊവ്വാഴ്ച രാത്രി ജോലിക്ക് പോയ സമയത്താണ് കൊലപാതകം. സൊനാലി വീണ് പരിക്കേറ്റതായി പ്രതി പൂജയെ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതിനിടെ കുട്ടി വീഴുകയായിരുന്നുവെന്നും ഉടനെ ടെംഭെ ആശുപത്രിയിലേക്ക് വരണമെന്നും പൂജയോട് ആവശ്യപ്പെട്ടു.
പൂജ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. മരണത്തില്‍ അസ്വഭാവികത തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരമറിയിച്ചത്.
കുഞ്ഞ് പാലിന് വേണ്ടി കരഞ്ഞതില്‍ പ്രകോപിതനായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പൊലീസില്‍ മൊഴി നല്‍കി. കുട്ടിയുടെ മരണം അസ്വാഭാവികമാണെന്നും ശ്വാസംമുട്ടല്‍ മൂലമാണ് മരണം സംഭവിച്ചതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പാലിന് വേണ്ടി കരയുമ്പോഴെല്ലാം ഖാന്‍ കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നതായി പൂജ പൊലീസിനോട് പറഞ്ഞു.
Post Your Comments