ദില്ലി: നയതന്ത്ര സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മാപ്പ് പറഞ്ഞ് രാജി വെക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. കേസിൽ കേന്ദ്രം സംസ്ഥാന സർക്കാരിനെ വേട്ടയാടിയെന്ന ആരോപണം തെറ്റാണെന്ന് സ്വപ്നയുടെ വെളിപ്പെടുത്തലോടെ തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
Also read: ഹിജാബ് വിവാദം: സർക്കാർ പെണ്‍കുട്ടികളുടെ ഭാവി ഇല്ലാതാക്കുകയാണെന്ന് രാഹുൽ ഗാന്ധി
‘സ്വർണക്കടത്ത് കേസിൽ കേന്ദ്ര സർക്കാർ ദേശീയ ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനത്തെ വേട്ടയാടുന്നു എന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. അത് തെറ്റാണെന്ന് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളിലൂടെ വ്യക്തമായി. കേന്ദ്ര സർക്കാർ അധികാര ദുർവിനിയോഗം നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേസിൽ ഇടപെട്ടതായും സ്വപ്നയുടെ വെളിപ്പെടുത്തലിൽ തെളിഞ്ഞു’ വി. മുരളീധരൻ പറഞ്ഞു.
‘ശിവശങ്കറുമായി മാത്രമല്ല രവീന്ദ്രനുമായും ബന്ധമുണ്ടെന്ന് സ്വപ്ന പറയുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി മാപ്പ് പറഞ്ഞ് രാജി വെക്കണം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടന്നത്. സ്വർണക്കടത്ത് കേസിൽ അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. കേന്ദ്ര ഏജൻസികൾ കേസ് അന്വേഷിച്ചു വരികയാണ്’ വി. മുരളീധരൻ പറഞ്ഞു. ‘മുഖ്യമന്ത്രിയുടെ ഗൾഫ് യാത്രയുടെ ഉദ്ദേശം വെളിപ്പെടുത്തണം. അനുമതി ഇല്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച സംഭവത്തിൽ ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്യണം. ഇല്ലെങ്കിൽ മുഖ്യമന്ത്രിക്കും ഇടപാടിൽ പങ്ക് ഉണ്ടെന്ന് വിശ്വസിക്കേണ്ടി വരും’ അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments