ഇടുക്കി: നെടുങ്കണ്ടത്ത് വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും കനിവ് 108 ആംബുലൻസ് ജീവനക്കാർ രക്ഷകരായി. വെസ്റ്റ് ബംഗാൾ ഷിബ്പൂർ സ്വദേശിയും നെടുങ്കണ്ടം ചെമ്പകകുഴി നിവാസിയുമായ സമീറിൻ്റെ ഭാര്യ മർഫ (20) ആണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം. മർഫയ്ക്ക് പ്രസവവേദന ആരംഭിച്ചതിനെ തുടർന്ന് വീട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു.
Also read: 13-കാരനെ പീഡിപ്പിച്ച കേസ്: മനോരോഗ വിദഗ്ദനായ ഡോ ഗിരീഷ് കുറ്റക്കാരനെന്ന് കോടതി
കൺട്രോൾ റൂമിൽ നിന്ന് നിർദ്ദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് മോൺസൻ പി സണ്ണി, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഷിന്റു റോസ് വർഗീസ് എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. എന്നാൽ ആംബുലൻസ് എത്തുന്നതിന് മുൻപ് തന്നെ മർഫ പ്രസവിച്ചു.
സ്ഥലത്തെത്തിയ ഉടൻ തന്നെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഷിന്റു പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി, അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകി അവരെ ആംബുലൻസിലേക്ക് മാറ്റി. ഇരുവരെയും പൈലറ്റ് മോൺസൻ സുരക്ഷിതമായി നെടുക്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Post Your Comments