തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രധാന പ്രതികളായ എം.ശിവശങ്കരന്റെയും സ്വപ്ന സുരേഷിന്റെയും വെളിപ്പെടുത്തലുകൾ ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുകയാണെെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ശിവശങ്കരന്റെ പുസ്തകം സർക്കാരിനെ വെള്ളപൂശാനായിരുന്നു. എന്നാൽ പുസ്തകത്തിലെ വെളിപ്പെടുത്തലുകളെല്ലാം സ്വപ്നയുടെ തുറന്ന് പറച്ചിലോടെ പൊളിഞ്ഞുവീണു കഴിഞ്ഞെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.
ബിജെപി തുടക്കം മുതലേ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് സ്വപ്ന സമ്മതിച്ചിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിക്കപ്പെട്ടത് ആദ്യത്തെ കള്ളക്കടത്തല്ല, അതിന് മുമ്പും നിരവധി സ്വർണ്ണക്കള്ളക്കടത്ത് നടന്നിട്ടുണ്ടെന്ന് താൻ അന്നേ പറഞ്ഞിരുന്നു. ബാഗേജ് വിട്ടുകിട്ടാനായി മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖൻ കസ്റ്റംസിനെ വിളിച്ച കാര്യം ജൂലായ് 6ന് തന്നെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ശിവശങ്കരന്റെ ഔദ്യോഗിക ഫോണും അദ്ദേഹത്തിന്റെ മൊബൈൽ നമ്പറും പരിശോധിച്ചാൽ വസ്തുത മനസിലാവുമെന്ന് അന്ന് പറഞ്ഞപ്പോൾ എല്ലാവരും അത് എഴുതിതള്ളി. കസ്റ്റംസ് ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രിക്ക് താത്പര്യമുള്ള കേസായതു കൊണ്ട് ബാഗേജ് വിട്ടുകിട്ടണമെന്നാണ് ശിവശങ്കരൻ ആവശ്യപ്പെട്ടത്. തുടർന്ന് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ആവുന്നത്ര ശ്രമിച്ചു. സ്വപ്നയെ ബാഗ്ലൂരിലേക്ക് രക്ഷപ്പെടാൻ സഹായിച്ചത് ശിവശങ്കരനാണെന്നാണ് ബിജെപി പറഞ്ഞിരുന്നു. സർക്കാരിനെ ന്യായീകരിക്കാൻ പുറത്തുവന്ന സ്വപ്നയുടെ ശബ്ദരേഖ വ്യാജമാണെന്നും അന്നേ ഞങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. അതെല്ലാം ഇന്ന് ചാനലിന്റെ മുമ്പിൽ അവർ സമ്മതിച്ചു. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്ന ശബ്ദരേഖയും വ്യാജമാണെന്ന് സ്വപ്ന സ്ഥിരീകരിച്ചത് സർക്കാരിനുള്ള തിരിച്ചടിയാണ്.
Also Read : IPL Auction 2022- ഇത്തവണ താരലേലത്തില്‍ ആ താരത്തെ സ്വന്തമാക്കാന്‍ ടീമുകള്‍ മത്സരിക്കും: ബ്രാഡ് ഹോഗ്
ലൈഫ് മിഷൻ പദ്ധതിയിൽ വിവാദ കരാറുകാരനെ ഉൾപ്പെടുത്തി കമ്മീഷൻ അടിച്ചതിന് പിന്നിൽ ശിവശങ്കരനായിരുന്നുവെന്ന് സ്വപ്ന തുറന്ന് പറഞ്ഞതിലൂടെ സർക്കാർ പ്രതിക്കൂട്ടിലായെന്ന് സുരേന്ദ്രൻ പറഞ്ഞു. സ്വപ്നയുടെ ബാങ്ക് ലോക്കർ ശിവശങ്കരന്റേത് കൂടിയാണെന്നത് ഇവരുടെ കൂട്ടുകച്ചവടം തെളിയിക്കുന്നു. സ്വർണ്ണക്കള്ളക്കടത്തിൽ സർക്കാരിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ പിന്തുണ ഇവർക്കുണ്ടായിരുന്നു. സർക്കാരിന്റെ ഔദ്യോഗിക വാഹനങ്ങൾ സ്വർണ്ണംകടത്താൻ ലഭിച്ചിരുന്നു. സത്യം തെളിഞ്ഞെന്നാണ് ഇപ്പോൾ കെടി ജലീൽ പറയുന്നത്. കോൺസുൽ ജനറലുമായ് ഇടപെടാനുള്ള എന്ത് അധികാരമാണ് കെടി ജലീലിനുള്ളത്? ജലീൽ സത്യപ്രതിഞ്ജാലംഘനമാണ് നടത്തിയത്. ഡിജിപിയായിരുന്ന ജേക്കബ് തോമസ് പുസ്തകം എഴുതിയെന്ന് പറഞ്ഞാണ് അദ്ദേഹത്തെ സർവ്വീസിൽ നിന്നും മാറ്റിയത്. ശിവശങ്കരൻ സർവ്വീസ് ചട്ടങ്ങളെ പരസ്യമായി ലംഘിച്ചിരിക്കുന്നു. കേന്ദ്ര ഏജൻസികൾക്കെതിരെ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ പുസ്തകമെഴുതുന്നത് ശരിയല്ല.
സർക്കാരിനെ വെള്ളപൂശാനാണ് എഴുതിയതെങ്കിലും ഇപ്പോൾ സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. ശിവശങ്കരനെ അടിയന്തരമായി സർവ്വീസിൽ നിന്നും പുറത്താക്കണം. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എവിടെയും ശിവശങ്കരൻ കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ല. എല്ലാ ഏജൻസികളുടേയും അന്വേഷണത്തിൽ മുഖ്യസൂത്രധാരൻ ശിവശങ്കരൻ തന്നെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Post Your Comments