ദുബായ്: യുഎഇയിലെ തൊഴിൽ നിയമങ്ങളിലെ പുതിയ പരിഷ്‌കാരങ്ങൾ വിശദമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയിലെ തൊഴിൽ നിയമങ്ങളിൽ പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘സ്വകാര്യ മേഖലയിൽ ഉൾപ്പെടെ തൊഴിൽ ബന്ധങ്ങളിൽ പ്രതിഫലിക്കുന്ന മാറ്റങ്ങളാണ് പുതിയ നിയമങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാർട്ട് ടൈം ജോലി, താൽക്കാലിക ജോലി, ഫ്‌ലെക്‌സിബിൾ ജോലി, ഫ്രീലാൻസിംഗ്, പങ്കുവെച്ച് നിർവഹിക്കാവുന്ന ജോലികൾ, സ്വയം തൊഴിൽ തുടങ്ങിയ പുതിയ ജോലി മാതൃകകൾ നിയമത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നുവെന്ന്’ അദ്ദേഹം അറിയിച്ചു.
‘പുതിയ നിയമപ്രകാരം, തൊഴിലുടമകൾക്ക് ജീവനക്കാരുടെ ഔദ്യോഗിക രേഖകൾ കണ്ടുകെട്ടാനോ, കൂടാതെ ജോലി കാലാവധി അവസാനിച്ചതിന് ശേഷം തൊഴിലാളികളെ രാജ്യം വിടാൻ നിർബന്ധിക്കാനോ പാടില്ല എന്ന് പുതിയ വ്യവസ്ഥയിൽ നിഷ്‌കർഷിക്കുന്നു. റിക്രൂട്ട്‌മെന്റിന്റേയും തൊഴിലിന്റേയും ഫീസും ചെലവുകളും തൊഴിലുടമ തന്നെ വഹിക്കുകയും വേണം. സ്വകാര്യമേഖലയിൽ പ്രസവാവധി ഉൾപ്പെടെയുള്ള അവധികളിലും നിരവധി മാറ്റങ്ങളാണ് വന്നിരിക്കുന്നതെന്ന്’ അദ്ദേഹം വ്യക്തമാക്കി.
‘തൊഴിലിടങ്ങളിൽ നിലനിൽക്കുന്ന വിവേചനങ്ങൾ അവസാനിപ്പിക്കുന്നതിനാവശ്യമായ നിയന്ത്രണങ്ങളും പുതിയ നിയമങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. യു.എ.ഇയിൽ തൊഴിൽ ചെയ്യുന്ന മലയാളികളുടെ അറിവിലേയ്ക്കായി പുതിയ നിയമങ്ങൾ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി നോർക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും’ അദ്ദഹം കൂട്ടിച്ചേർത്തു.
Post Your Comments