ന്യൂഡൽഹി: ഏകീകൃത സിവിൽ നിയമത്തിനായുള്ള സ്വകാര്യ ബിൽ പരിഗണിക്കുന്നത് രാജ്യസഭ വീണ്ടും മാറ്റി. സിപിഎം എംപിമാർ എതിർത്ത് കത്ത് നല്കിയതോടെ രാജസ്ഥാനിൽ നിന്നുള്ള സ്വതന്ത്ര അംഗം കിരോഡിലാൽ മീണ ബിൽ അവതരിപ്പിക്കുന്നത് വീണ്ടും മാറ്റി. ഏകീകൃത സിവിൽ നിയമത്തിനറെ സാധ്യത പരിശോധിക്കാൻ കേന്ദ്രസർക്കാർ വീണ്ടും നിയമകമ്മീഷനോട് ആവശ്യപ്പെടുമെന്നാണ് സൂചന.
ഏകീകൃത സിവിൽ നിയമത്തിനായുള്ള സ്വകാര്യ ബിൽ ഇതു മൂന്നാം തവണയാണ് അവതരിപ്പിക്കാതെ മാറ്റുന്നത്. രാജസ്ഥാനിൽ നിന്നുള്ള സ്വതന്ത്ര അംഗം കിരോഡിലാൽ മീണയുടെ സ്വകാര്യ ബില്ലിനെതിരെ എളമരം കരീം പരാതി നല്കുകയായിരുന്നു. രാജ്യത്തെ മതസൗഹാർദ്ദം തകർക്കുന്നതാവും ബില്ലെന്ന് എളമരം കരീം കത്തിൽ ചൂണ്ടിക്കാട്ടി. കോടതി വിധികളെക്കുറിച്ച് തെറ്റായ വ്യഖ്യാനമാണ് ബില്ലിലുള്ളതെന്നും എളമരം ആരോപിച്ചു. ബില്ലവതരിക്കാതെ കിരോഡിലാൽ മീണ ഇന്നും മാറി നില്ക്കുകയായിരുന്നു.
ഏകീകൃത സിവിൽ നിയമത്തെക്കുറിച്ച് പഠിക്കാൻ ഇരുപത്തിയൊന്നാം നിയമകമ്മീഷനെ കേന്ദ്രം ചുമതലപ്പെടുത്തിയിരുന്നു. ഇപ്പോൾ നിയമം കൊണ്ടു വരാനുള്ള സാഹചര്യം ഇല്ലെന്നായിരുന്നു വിശദമായ ചർച്ചയ്ക്കു ശേഷം കമ്മീഷൻറെ നിലപാട്. സമവായം ഇല്ലാതെ നിയമം കൊണ്ടു വരേണ്ടതില്ലെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞു. ഇതിനു ശേഷം 75000 പ്രതികരണങ്ങൾ സർക്കാരിനു കിട്ടി. ഏകീകൃത സിവിൽ നിയമം വേണമെന്ന ഹർജികളിൽ ചില കോടതികൾ കേന്ദ്രത്തിന് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ ഇതു വീണ്ടും നിയമകമ്മീഷന് വിടാനാണ് ആലോചന. 22ാം നിയമകമ്മീഷൻ ഇതുവര രൂപീകരിച്ചിട്ടില്ല. രൂപീകരണത്തിനു ശേഷം വിഷയം കമ്മീഷനു വിടുമെന്ന സൂചന മന്ത്രി കിരൺ റിജിജു നല്കി. ബിജെപിയുടെ അടിസ്ഥാന വിഷയങ്ങളിൽ രാമക്ഷേത്രം, ജമ്മുകശ്മീരിൻറെ പ്രത്യേക പദവി എന്നിവയ്ക്കു ശേഷം ഏകീകൃത സിവിൽ നിയമം കൂടി രണ്ടായിരത്തി ഇരുപത്തിനാലിന് മുമ്പ് നടപ്പാകുമോ എന്നറിയാൻ കാത്തിരിക്കാം.
Post Your Comments