തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത കെ റെയില്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള സിപിഎം സമീപനത്തിനെതിരെ സിപിഐയില്‍ ശക്തമായ എതിര്‍പ്പ്. കല്ല് പിഴുതാല്‍ പല്ല് പോകുമെന്ന സിപിഎമ്മിന്റെ നയം ശരിയായില്ലെന്ന് വിഷയം ഉന്നയിച്ച് മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നവരോടുള്ള സമീപനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളോട് യുദ്ധം ചെയ്തല്ല പദ്ധതി നടപ്പാക്കേണ്ടതെന്ന നിലപാടാണ് തങ്ങള്‍ക്ക് ഉള്ളതെന്ന് സിപിഐ വ്യക്തമാക്കി.
അതേസമയം, ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ ഭേദഗതി ഒഴിവാക്കണം. ലോകായുക്ത വിധിക്കെതിരെ സര്‍ക്കാരിന് അപ്പീല്‍ പോകാന്‍ കഴിയുന്ന വ്യവസ്ഥ കൊണ്ടുവരണമെന്നും സിപിഐ എക്സിക്യൂട്ടിവില്‍ ആവശ്യം ഉയര്‍ന്നു.
സിപിഐ മന്ത്രിമാര്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്ന് എക്സിക്യൂട്ടിവ് യോഗത്തില്‍ വിമര്‍ശനമുണ്ടായി. ലോകായുക്താ ഭേദഗതിയെ മന്ത്രിസഭാ യോഗത്തില്‍ പിന്തുണച്ചതിനായിരുന്നു വിമര്‍ശനം. മന്ത്രിമാര്‍ ജാഗ്രത പുലര്‍ത്തിയില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.
Post Your Comments