എറണാകുളം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ നിയമ നടപടികള്‍ കോടതിയിലിരിക്കെ അതിനെ കുറിച്ചു മാധ്യമ വിചാരണ നടത്തി ദിലീപിനെയും കുടുംബത്തെയും അവഹേളിച്ച റിപ്പോർട്ടർ ടിവിക്കും ചാനല്‍ എംഡി നികേഷ് കുമാറിനെതിരേയും കേസെടുത്ത പൊലീസ് നടപടിയില്‍ അനുകൂല പ്രതികൂല പ്രതികരണങ്ങൾ. സംഭവത്തിൽ രൂക്ഷ വിമർശനവുമായി പത്രപ്രവർത്തക യൂണിയന് (കെയുഡബ്ല്യൂജെ) രംഗത്തെത്തി.
വാർത്തകളുടെ പേരിൽ മാധ്യമങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ കേസെടുക്കുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് നിരക്കുന്ന പ്രവൃത്തിയല്ല, അറിയാനുള്ള ജനങ്ങളുടെ അവകാശത്തിനും അറിയിക്കാനുള്ള മാധ്യമങ്ങളുടെ അവകാശത്തിനും നേരെയുള്ള കടന്നാക്രമണമാണിതെന്നും സംഘടന വ്യക്തമാക്കുന്നു. വാർത്താശേഖരണത്തിനു പോകുന്ന മാധ്യമ പ്രവർത്തകരെ അന്യായമായി തടങ്കലിലാക്കുകയും രാഷ്ട്രീയ നേട്ടത്തിനായി രാജ്യ ദ്രോഹക്കുറ്റം ചുമത്തി പീഡിപ്പിക്കുകയും ചെയ്യുന്ന ഉത്തരേന്ത്യൻ മാതൃകയിൽനിന്നു വ്യത്യസ്തമല്ല ഈ സംഭവമെന്നും കെയുഡബ്ല്യൂജെ തങ്ങളുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
എന്നാൽ സോഷ്യൽ മീഡിയ ഇതിനു വിരുദ്ധമായാണ് പ്രതികരിക്കുന്നത്. കഴിഞ്ഞ കുറച്ചു കാലമായി ദിലീപിനെ മാധ്യമ വിചാരണയുടെ അവഹേളിക്കുകയാണ് റിപ്പോർട്ടർ ചാനൽ ചെയ്യുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം. വിചാരണ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയം പ്രസ്തുത കോടതിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചാൽ കേസെടുക്കാനുള്ള ഐ.പി.സി സെക് ഷൻ 228 എ(3) അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് റിപ്പോർട്ടറിനെതിരെ കേസെടുത്തിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉന്നയിക്കുന്ന സംവിധായകൻ ബാലചന്ദ്രകുമാറുമായുള്ള അഭിമുഖം അടക്കമുള്ള റിപ്പോർട്ടുകൾ കേസിന് ആധാരമായിട്ടുണ്ടെന്നാണു സൂചന. എന്നാൽ ഏകപക്ഷീയമായി ദിലീപ് ഈ കേസിൽ കുറ്റവാളിയെന്ന് മുദ്രകുത്തിയാണ് ചാനൽ പല വാർത്തകളും അഭിമുഖങ്ങളും റിപ്പോർട്ട് ചെയ്തത്. ഇതിനെതിരെയാണ് സോഷ്യൽ മീഡിയ രംഗത്തെത്തിയത്. ഇനി ദിലീപിന്റെ പേരിൽ വേൾഡ് ട്രേഡ് സെന്റർ തകർത്തെന്ന ഒരു കേസ് കൂടി മാത്രമേ റിപ്പോർട്ടർ ചാനൽ ചാർത്താതെ ഇരുന്നുള്ളു എന്നാണ് ഇവരുടെ പ്രതികരണം.
Post Your Comments