വാഷിംഗ്ടൺ: ഉക്രൈനെ ആക്രമിച്ചാൽ അത് നയിക്കുക യുദ്ധത്തിലേക്കായിരിക്കുമെന്ന് റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക. അതിർത്തി കടന്ന് ഉക്രൈനെതിരെ നടത്തുന്ന ഏത് സൈനിക നീക്കത്തേയും അന്താരാഷ്‌ട്ര തലത്തിൽ ഉപരോധത്തിലൂടെ പ്രതിരോധിക്കുമെന്ന പ്രസ്താവനയുമായി നേരത്തെ യു.എസ് വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രാലയം ഇങ്ങനെയൊരു മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും സംയുക്ത സൈനിക ഉപമേധാവി ജനറൽ മാർക് മില്ലേയും ഒരുമിച്ച് നടത്തിയ മാദ്ധ്യമ സമ്മേളനത്തിൽ ഈ വിഷയത്തിന് വളരെയധികം പ്രാധാന്യം നൽകിയിരുന്നു. നാറ്റോയുടെ സേനാ ശക്തിയും വിന്യാസവും ഏറെ നിർണ്ണായകമാണെന്നും നാറ്റോ സൈന്യത്തിന് സാധിക്കുന്നതിനും അപ്പുറത്തേക്കുള്ള കാര്യങ്ങൾ ചെയ്യാൻ അമേരിക്കയെ നിർബന്ധിക്കരുതെന്നും അമേരിക്കൻ പ്രതിരോധ സെക്രട്ടറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘130 ബ്രിഗേഡുകളെ നാറ്റോ അണിനിരത്തിയതിന് പുറമേയുള്ള സൈന്യമാണ് അമേരിക്ക വിന്യസിക്കുക. 93 സ്ക്വാഡ്രനുകളും നാല് നാവിക കപ്പലുകളും എന്തിനും തയ്യാറാണ്. ഉക്രൈൻ സുഹൃദ് രാജ്യമാണ്. അവരെ ഏതർത്ഥത്തിലും സംരക്ഷിക്കും,’ ലോയിഡ് ഓസ്റ്റിൻ കൂട്ടിച്ചേർത്തു. കൂടാതെ, വിഷയം സങ്കീർണ്ണമാക്കിയത് റഷ്യയാണെന്നും സൈനിക നീക്കത്തിന് നിർദ്ദേശം നൽകിയത് പുടിനാണെന്നും ഓസ്റ്റിൻ ചൂണ്ടിക്കാട്ടി.
എന്നാൽ, ഇതു കൊണ്ടൊന്നും ഒരടി പുറകോട്ട് പോകാൻ തയ്യാറല്ലെന്നാണ് റഷ്യയുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. അതിർത്തിയിലെ റഷ്യൻ സൈനിക വിന്യാസം അനുദിനം വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ് പ്രസിഡന്റ് പുടിൻ. എത്ര വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായാലും, ഉക്രൈൻ ആക്രമിക്കുമെന്നാണ് അദ്ദേഹത്തിന്റെ നീക്കത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്.
Post Your Comments