വാർധക്യത്തെ ഒരു ശാപമായാണ് മനുഷ്യർ കാണുന്നത്. വയസ്സായാൽ, മരണം കാത്തു കഴിയുക എന്നാണ് മനുഷ്യസമൂഹം മനസ്സിലാക്കിയിരിക്കുന്നത്. എന്നാൽ, ഇനിയും നമ്മൾ മനസ്സിലാക്കാത്ത ഒരു കാര്യം, വാർധക്യം കാരണം ആരും ഇതു വരെ മരിച്ചിട്ടില്ലെന്നതാണ്.
വാർദ്ധക്യത്തോടൊപ്പം, അകമ്പടിയായി ഒട്ടനവധി രോഗങ്ങളും വന്നുചേരാറുണ്ട്. ഈ രോഗങ്ങൾ മൂലം മരണം സംഭവിക്കാറുണ്ടെന്നത് ശരി തന്നെ. പക്ഷേ, ഇവയിൽ മഹാഭൂരിപക്ഷം രോഗങ്ങളും ചികിത്സിച്ചു മാറ്റാവുന്നതേയുള്ളൂവെന്ന വസ്തുത നിർഭാഗ്യവശാൽ നമ്മൾ മറന്നു പോകുന്നു.
ഓപ്ര വിൻഫ്രി ഷോയിൽ പങ്കെടുക്കവേ, പ്രശസ്ത ആരോഗ്യവിദഗ്ധനും ഇൻഡോ-അമേരിക്കൻ എഴുത്തുകാരനുമായ ദീപക് ചോപ്ര ഈ വിഷയത്തെക്കുറിച്ച് വിശദമായി പരാമർശിച്ചിട്ടുണ്ട്. വാർദ്ധക്യസഹജമായ അസുഖം മൂലം മരിച്ചുവെന്ന പ്രയോഗം, പലരിലും അകാരണമായ ഭീതി സൃഷ്ടിക്കാറുണ്ട്. യഥാർത്ഥത്തിൽ, പ്രായമാവുക എന്നത് തടസ്സം സൃഷ്ടിക്കാനാവാത്ത ഒരു പ്രക്രിയയല്ല. ശരീരത്തിൽ നിന്നും വിഷാംശങ്ങളെ പുറംതള്ളാൻ നിങ്ങൾക്കറിയാമെങ്കിൽ, മാനസിക സമ്മർദ്ദങ്ങളെ ധ്യാനം വഴി നിർവീര്യമാക്കാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ, അനാരോഗ്യകരമായ ചുറ്റുപാടുകളിൽ നിന്നും വിട്ടു നിൽക്കാൻ നിങ്ങൾക്ക് കഴിഞ്ഞാൽ, പ്രായത്തിനു കൂച്ചുവിലങ്ങിടാൻ സാധിക്കുമെന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്. അതോടൊപ്പം തന്നെ, ചില ചിട്ടകൾ കൂടി ജീവിതത്തിൽ വേണം. ഉദാഹരണത്തിന്, ദൈനംദിന ഭക്ഷണക്രമത്തിൽ ആന്റി ഓക്സിഡന്റ്സ് പരമാവധി ഉൾപ്പെടുത്തുകയാണെങ്കിൽ, ശരീരം പ്രകടിപ്പിക്കുന്ന വാർദ്ധക്യലക്ഷണങ്ങളെ നിങ്ങൾക്ക് നിയന്ത്രിച്ചു നിർത്താവുന്നതേയുള്ളൂ.
മനുഷ്യ ശരീരത്തിൽ, അഡ്രിനൽ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഒരു ഹോർമോണാണ് ഡിഹൈഡ്രോഎപ്പിയാൻഡ്രോസ്റ്റിറോൺ. മനുഷ്യർക്ക് വളരെ നിർണായകമായ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോൺ, സ്ത്രൈണ ഹോർമോണായ ഈസ്ട്രജൻ എന്നിവ ഉൽപാദിപ്പിക്കാൻ ഡി.എച്.ഇ.എ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ ഹോർമോൺ സഹായിക്കും. യൗവ്വനം നിലനിർത്തുന്നതിൽ വളരെയധികം പ്രാധാന്യമുണ്ട് ഈ ഹോർമോണിന്. ഒരു വ്യക്തിക്ക് പ്രായമേറുന്നതോടെ, അയാളിൽ ഡി.എച്.ഇ.എ ഹോർമോണിന്റെ അളവ് കുറയുന്നു. സ്വാഭാവികമായും, അയാളിൽ പ്രായസംബന്ധമായ മാറ്റങ്ങൾ വരുന്നു. എന്നാൽ, ഫലപ്രദമായ ആഹാര നിയന്ത്രണത്തിലൂടെ, അയാൾക്കിതിന്റെ അളവ് വർദ്ധിപ്പിക്കാൻ സാധിക്കും. ഒരു മനുഷ്യൻ വിചാരിച്ചാൽ തന്റെ രക്തസമ്മർദ്ദം ഉയർത്താനും താഴ്ത്താനും സാധിക്കും. ഒന്നു മനസ്സു വെച്ചാൽ നിരന്തരമായ പരിശീലനത്തിലൂടെ തന്റെ ശ്രവണ ശക്തിയും, കാഴ്ചശക്തിയും വർദ്ധിപ്പിക്കാൻ സാധിക്കുന്നൊരു ജീവിയാണ് മനുഷ്യൻ. കുത്തഴിഞ്ഞ ജീവിതശൈലി മൂലംഈ നിയന്ത്രണങ്ങളുടെ താളം തെറ്റുമ്പോൾ, അത് രോഗമായി കണക്കാക്കപ്പെടുന്നു. സത്യത്തിൽ, വാർദ്ധക്യ സംബന്ധമായി നമ്മൾക്ക് നഷ്ടപ്പെടുന്നുവെന്ന് കരുതുന്ന ശരീര സംബന്ധമായ കഴിവുകളെല്ലാം തന്നെ തിരിച്ചു പിടിക്കാൻ സാധിക്കുന്നവയാണെന്ന് ദീപക് ചോപ്ര അടിവരയിട്ടു പറയുന്നു.
പ്രായമാവുക എന്നത് വളരെ സാധാരണമായ ഒരു കാര്യമായാണ് നമ്മൾ ധരിച്ചു വച്ചിരിക്കുന്നത്. ഇരുപതുകൾ തുടങ്ങുമ്പോഴേക്കും വൃദ്ധരായി കാണപ്പെടുന്ന നിരവധി മനുഷ്യരുണ്ടീ ലോകത്ത്. അതുപോലെ തന്നെ, അറുപതുകളിലും ഇരുപതുകളുടെ ചുറുചുറുക്കുള്ള ‘യുവാക്കളും’ നമുക്കു ചുറ്റും കാണപ്പെടുന്നു. ഇത് പാരമ്പര്യഗുണം കൊണ്ട് ലഭിക്കുന്നതാണെന്ന തെറ്റിധാരണയും പരക്കെയുണ്ട്. അതൊരു മിഥ്യാധാരണയാണ്. ഭാഗികമായി മാത്രം വേണമെങ്കിൽ ശരിയെന്നു പറയാം. ജനതശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ 80 വയസ്സിലധികം ജീവിച്ച് മാതാപിതാക്കളുടെ പുത്രന്, ജീനുകളുടെ ഗുണഫലമായി ലഭിക്കുന്നത് മൂന്നു വർഷത്തെ ആയുസ്സ് മാത്രമാണ്. എന്നാൽ, വിഷരഹിതമായ ഭക്ഷണരീതിയിലൂടെ വിഷഹരമായ ജീവിതരീതിയിലൂടെ ആരോഗ്യത്തെ ബാധിക്കുന്ന ദോഷകരമായ എല്ലാ ഘടകങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നതിലൂടെ ഒരാൾക്ക് തന്റെ ആയുസ്സ്, 30 മുതൽ 50 വർഷം വരെ ദീർഘിപ്പിക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നത്. ദീർഘകാലം ജീവിച്ചിരിക്കുക മാത്രമല്ല, അത്രയും കാലം ആരോഗ്യവാനായി ജീവിക്കാനും സാധിക്കുമെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.
വാർദ്ധക്യം എന്നത് പ്രകൃതിസഹജമായ ഒരു സർവ്വസാധാരണ പ്രകൃതിയാണെന്നാണ് നമ്മൾ തെറ്റിദ്ധരിച്ചു വച്ചിരിക്കുന്നത്. എന്നാൽ, മനുഷ്യരടക്കമുള്ള ജീവിവർഗങ്ങൾ പ്രകൃതി നിയമത്തിന് വിധേയരാകുമ്പോൾ, അതിനെ അതിജീവിച്ചു കാലം കഴിക്കുന്നവരും ഭൂമിയിൽ നില നിൽക്കുന്നുണ്ട്. സൂക്ഷ്മജീവികളായ പ്രോട്ടോസോവ, ഹൈഡ്ര എന്നിവക്കൊന്നും ഈ പ്രകൃതിനിയമം ബാധകമല്ല. അവയിലെ ജീവ ദ്രവ്യത്തിന് സംഭവിക്കുന്ന രാസപരിണാമങ്ങൾ, വാർദ്ധക്യം എന്നൊരു അവസ്ഥയിലൂടെയല്ല കടന്നു പോകുന്നത്. അത് അവയുടെ ജന്മസിദ്ധമായ കഴിവാണെങ്കിൽ, നമ്മൾക്ക് ഇത് പരിശീലനത്തിലൂടെ നേടിയെടുക്കാൻ സാധിക്കുന്നൊരു കഴിവാണ്. വാർദ്ധക്യത്തെ കുറിച്ച് ബോധവാന്മാരായ ഒരേയൊരു ജീവവർഗ്ഗം മനുഷ്യൻ മാത്രമാണ്. അതിനാൽ തന്നെ, ചിട്ടയായ ദൈനംദിന ജീവിത രീതിയിലൂടെ അത് മറികടക്കാനുള്ള മാർഗ്ഗങ്ങളും അവന്റെ മുന്നിലുണ്ട്.
നിലവിൽ, ശാസ്ത്രം വിശ്വസിക്കുന്നത് മനുഷ്യന്റെ ജീവിതദൈർഘ്യം യഥാർത്ഥത്തിൽ 130 വർഷം ആണെന്നാണ്. അതായത്, 70 വയസ്സായാലും നിങ്ങൾ മധ്യവയസ്സ് കടന്നുവെന്നു പോലും പറയാറായിട്ടില്ല. ദിനചര്യകളെയും ജീവിതരീതികളെയും നിയന്ത്രിച്ചാൽ, വാർദ്ധക്യത്തെ നിങ്ങൾക്കും നിഷ്പ്രയാസം അകറ്റി നിർത്താവുന്നതേയുള്ളൂ.
Post Your Comments