കോട്ടയം : ഉരുളയ്ക്ക് ഉപ്പേരി എന്ന നിലയിലാണ് സിപിഎമ്മും കോണ്‍ഗ്രസും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയുടെ പാന്റായിരുന്നു സിപിഎമ്മിന്റെ ചര്‍ച്ചാ വിഷയം. കെ-റെയില്‍ പ്രതിഷേധ സമരത്തില്‍ പതിവ് തെറ്റിച്ച് മുണ്ട് ഉടുക്കാതെ പാന്റ് ധരിച്ചെത്തിയ റിജില്‍ മാക്കുറ്റിയെ സിപിഎമ്മിലെ ജയരാജന്മാര് കണക്കറ്റ് പരിഹസിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പാന്റ് വിവാദത്തില്‍ കോണ്‍ഗ്രസിന് ഒരു കച്ചിത്തുരുമ്പ് കിട്ടിയിരിക്കുകയാണ്. യുഎസില്‍ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ധരിച്ച വേഷമാണ് കോണ്‍ഗ്രസ് ആയുധമാക്കിയിരിക്കുന്നത്.
യുഎസിലെ ചികില്‍സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ശനിയാഴ്ച രാവിലെ ദുബായില്‍ എത്തിയിരുന്നു. പതിവ് തെറ്റിച്ച് പാന്റും ഷര്‍ട്ടും ധരിച്ചാണ് അദ്ദേഹം എത്തിയത്. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാണ്.
പി.ജയരാജനും, എം.വി ജയരാജനും റിജിലിനെ പരിഹസിക്കുന്ന വാക്കുകള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പേജിലും നിറയുകയാണ്. വിഡിയോ പങ്കിട്ട് ‘ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്..’ എന്നാണ് ബിന്ദു കൃഷ്ണ കുറിച്ചത്. ജയരാജന്മാര് പറയുന്ന വാക്കുകള്‍ക്കൊപ്പം പാന്റും ഷര്‍ട്ടും ധരിച്ച പിണറായി വിജയനെയും ചേര്‍ത്തുവച്ചാണ് പ്രചരണം. കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളിലും ഈ വിഡിയോ കാണാം.
Post Your Comments