ന്യൂഡല്‍ഹി: കണ്ണഞ്ചിപ്പിക്കുന്ന ഡ്രോണ്‍ ഷോയിലൂടെ വര്‍ണാഭമായി ബീറ്റിംഗ് ദി റിട്രീറ്റ്. റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ കൊട്ടിക്കലാശം എന്ന് വിശേഷിപ്പിക്കുന്ന ബീറ്റിംഗ് ദ റിട്രീറ്റ് പരിപാടിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കര-നാവിക-വ്യോമ സേനയിലെ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു. മൂന്ന് സേനാ വിഭാഗങ്ങളുടെയും വാദ്യസംഘം നടത്തുന്ന സംഗീത പ്രദര്‍ശനമാണ് ബീറ്റിംഗ് ദി റിട്രീറ്റ്.
ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ ഏറെ പുതുമകള്‍ നിറഞ്ഞതായിരുന്നു ഈ വര്‍ഷത്തെ ബീറ്റിംഗ് റിട്രീറ്റ്. വാദ്യസംഘം പാശ്ചാത്യ ബാന്റ് രചനകള്‍ക്ക് പകരമായി ഇന്ത്യന്‍ സംഗീതമാണ് ഇക്കുറി ആലപിച്ചത്. കൂടാതെ, ഈ വേളയില്‍ ആയിരം തദ്ദേശീയ ഡ്രോണുകള്‍ ഉപയോഗിക്കുന്ന വര്‍ണവിസ്മയക്കാഴ്ചയും ഒരുക്കിയിരുന്നു. ആസാദി കാ അമൃത മഹോത്സവം എന്നതിനെ ഉയര്‍ത്തിക്കാട്ടുന്ന ചിത്രങ്ങളാണ് ആകാശത്ത് ഡ്രോണുകള്‍ വരച്ചുകാട്ടിയത്. ഐ.ഐ.ടി ഡല്‍ഹിയുടെ നേതൃത്വത്തില്‍ ബോട്‌ലാബ് ഡൈനാമിക്‌സ് എന്ന സ്ഥാപനമാണ് ഡ്രോണ്‍ ഷോ ഒരുക്കിയത്. എല്ലാ വര്‍ഷവും ജനുവരി 29നാണ് ബീറ്റിംഗ് ദി റിട്രീറ്റ് നടത്തിവരുന്നത്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ പരിസമാപ്തി കുറിക്കലാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം.
Post Your Comments