വാഷിങ്ടൺ: ഫെബ്രുവരി പകുതിയോടെ റഷ്യ ഉക്രൈൻ ആക്രമിക്കുമെന്ന് അമേരിക്ക. എന്നാൽ, എപ്പോൾ ആക്രമണം നടത്താനാണ് പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഉദ്ദേശമെന്ന് അറിയില്ലെന്ന് യു.എസ് ഡെപ്യൂട്ടി സെക്രട്ടറി വെൻഡി ആർ ഷെർമാൻ പറഞ്ഞു.
റഷ്യയുടെ സൈനിക വിന്യാസങ്ങളെല്ലാം യു.എസ് ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ടെന്നു പറഞ്ഞ ഷെർമാൻ, അധികം വൈകാതെ സൈനിക നീക്കമുണ്ടാകുമെന്നും സൂചിപ്പിച്ചു. ഏത് രീതിയിലുള്ള ആക്രമണത്തെയും നേരിടാൻ ഉക്രയിന് പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഉക്രൈനു മേൽ റഷ്യ നടത്തുന്ന സൈനിക നീക്കങ്ങളെല്ലാം ഉടൻ അവസാനിപ്പിക്കണമെന്നുള്ള രാജ്യാന്തര സമ്മർദ്ദം അനുദിനം ശക്തമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞമാസം വിയന്നയിൽ, ഷെർമാനും റഷ്യൻ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിൽ, അയൽ രാജ്യത്ത് അതിക്രമിച്ചു കയറുന്നതിനെതിരെ റഷ്യയ്ക്ക് അമേരിക്ക മുന്നറിയിപ്പു നൽകിയിരുന്നു. യു.എസ് ശക്തമായ നയതന്ത്ര സമ്മർദ്ദം ചെലുത്തുന്നുണ്ട്. അതോടൊപ്പം തന്നെ, സ്ഥിതിഗതികൾ മോശമായാൽ നേരിടാനുള്ള തയ്യാറെടുപ്പും അമേരിക്ക നടത്തുന്നുണ്ട്.
Post Your Comments