കാബൂൾ: അഫ്ഗാനിസ്ഥാനില്‍ ഭക്ഷണത്തിനായി കുട്ടികളെ വില്‍ക്കുന്നത് തടയാന്‍ നിര്‍ത്തിവെച്ച സമ്പത്തിക സഹായം ലോകരാജ്യങ്ങളോട് പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടെറെസ്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കുട്ടികളെ വില്‍ക്കേണ്ട സാഹചര്യമാണ് അഫ്ഗനിലുളളത്. നൂലില്‍ തൂങ്ങിക്കിടക്കുകയാണ് അഫ്ഗാനിസ്താന്‍. ദരിദ്രരായ ദശലക്ഷക്കണക്കിന് അഫ്ഗാന്‍ പൗരന്മാര്‍ മോശം മാനുഷിക സാഹചര്യങ്ങള്‍ക്കിടയില്‍ അതിജീവിക്കാന്‍ പാടുപെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടേയും കുട്ടികളുടേയും മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് താലിബാന്‍ മുന്നോട്ടുവരണമെന്നും അന്റോണിയോ ഗുട്ടെറെസ് ആവശ്യപ്പെട്ടു.
‘അതിഭീകരമായ പട്ടിണിയാണ് പകുതിയോളം അഫ്ഗാനികളും അനുഭവിക്കുന്നത്. ഭക്ഷണം വാങ്ങുന്നതിന് ചില കുടുംബങ്ങള്‍ കുട്ടികളെ വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മറ്റുലോകരാജ്യങ്ങളുടെ വിശ്വാസ്യതയും ദയയും നേടിയെടുക്കാനും ഓരോ പെണ്‍കുട്ടിയുടേയും സ്ത്രീയുടേയും അടിസ്ഥാന മൗലികാവകാശങ്ങള്‍ താലിബാന്‍ ഉയര്‍ത്തിപ്പിടിക്കണം’- അന്റോണിയോ ഗുട്ടെറെസ് പറഞ്ഞു.
അഫ്ഗാനിലെ ജനങ്ങളെ പിന്തുണയ്ക്കുന്നതിനുവേണ്ടി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിക്കുകയാണ്. ലോകബാങ്കും യുഎസ് സര്‍ക്കാരും മരവിപ്പിച്ച സഹായധനം പുനഃസ്ഥാപിക്കണം ആന്റോണിയോ ഗുട്ടെറെസ് ആവശ്യപ്പെട്ടു. അഫ്ഗാനിലെ വനിതാ ആക്ടിവിസ്റ്റുകളെ തട്ടികൊണ്ടുപോയതിലും അറസ്റ്റ് ചെയ്തതിലും ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം അവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അഫ്ഗാനില്‍ നടക്കുന്നത് മനുഷ്യദുരന്തമാണെന്ന് ചൈനയുടെ യുഎന്‍ അംബാസഡര്‍ ഷാങ് ജുന്‍ അഭിപ്രായപ്പെട്ടു. അടുത്തിടെ അഫ്ഗാനിലെ ഒരു സ്ത്രീ ഭക്ഷണത്തിനായി തന്റെ രണ്ട് പെണ്‍കുട്ടികളേയും വൃക്കയും വിറ്റതായുളള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. അഫാഗാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അറുതിവരുത്തണം.
Read Also: ‘കൂറുമാറിയാൽ രണ്ടു ലക്ഷം രൂപ നൽകാം’: മധു കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് കുടുംബം
സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കാനും പെണ്‍കുട്ടികള്‍ക്കുവേണ്ടി സ്‌കൂളുകളും യൂണിവാഴ്സിറ്റികളും തുറക്കാനും അഫ്ഗാന്‍ ദൗത്യത്തിന്റെ ചുമതലവഹിക്കുന്ന നസീര്‍ അഹമദ് ഫെയ്ഖ് താലിബാനോട് ആവശ്യപ്പെട്ടു. 2021 നവംബറിലാണ് അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തത്. സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ജോലി ചെയ്യുന്നതില്‍നിന്നു തടയില്ലെന്നും വിദ്യാഭ്യാസം നിഷേധിക്കില്ലെന്നും താലിബാന്‍ വാഗ്ദാനമിറക്കിയിരുന്നു. എന്നാല്‍ അവ നിരന്തരമായി ലംഘിക്കപ്പെടുന്ന റിപ്പോര്‍ട്ടുകളാണ് അഫ്ഗാനില്‍ നിന്ന് പുറത്തുവരുന്നത്.
Post Your Comments