ശ്രീനഗർ: ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി 73ാം റിപ്പബ്ലിക് ദിനത്തിൽ ലാൽ ചൗക്കിലെ ക്ലോക്ക് ടവറിൽ ത്രിവർണ പതാക ഉയർത്തി. എൻജിഒകളുടെ സഹകരണത്തോടെയാണ് അധികൃതർ ക്ലോക്ക് ടവറിൽ ദേശീയ പതാക ഉയർത്തിയത്. ആക്ടിവിസ്റ്റുകളായ സാജിദ് യൂസഫ് ഷാ, സഹിൽ ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്ലോക്ക് ടവറിൽ പതാക സ്ഥാപിച്ചത്.
പതാക ഉയർത്തുന്നതു കാണാൻ നിരവധി പ്രമുഖർ ലാൽ ചൗക്കിൽ എത്തിയിരുന്നു. വിവിധ ജില്ലകളിലെ വിദ്യാർത്ഥികളും ലാൽ ചൗക്കിലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ലാൽ ചൗക്കിലെ ക്ലോക്ക് ടവറിൽ പാകിസ്ഥാൻ പതാക മാത്രമേ തങ്ങൾക്ക് ഇതുവരെ കാണാൻ കഴിഞ്ഞിട്ടുള്ളൂവെന്ന് സഹിൽ പറഞ്ഞു. എന്നാൽ, കേന്ദ്രസർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം നിരവധി മാറ്റങ്ങൾ ജമ്മു കശ്മീരിൽ ഉണ്ടായിത്തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.
എന്താണ് പുതിയ കശ്മീർ എന്നാണ് ചില രാജ്യവിരുദ്ധ ശക്തികൾ ഉയർത്തുന്ന ചോദ്യമെന്നും അതിനുള്ള ഉത്തരമാണ് ക്ലോക് ടവറിൽ പാറിപ്പറക്കുന്ന ത്രിവർണ പതാകയെന്നും സഹിൽ ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യാനന്തരം, ദേശീയ പതാക ഉയരാത്ത ഒരേയൊരു സ്ഥലമാണ് ലാൽ ചൗക്കിലെ ക്ലോക്ക് ടവർ. നേരത്തെ നിരവധി പേരാണ് ടവറിൽ പതാക ഉയർത്താൻ ശ്രമിച്ചത്. എന്നാൽ, തങ്ങൾ ഈ ദൗത്യത്തിൽ വിജയിച്ചെന്ന് സാജിദ് യൂസഫ് പറഞ്ഞു.
Post Your Comments