![](/wp-content/uploads/2022/01/ordnance_qf_25_pounder_saint_john_nb_2.jpg)
ദാസ് നിഖിൽ എഴുതുന്നു…
റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടക്കുന്ന രാജ്പഥ്, പണ്ട് കിങ്സ് വേ എന്നാണ് അറിയപ്പെട്ടിരുന്നത്. യഥാർത്ഥത്തിൽ, 1955 മുതലാണ് റിപ്പബ്ലിക് ദിനാഘോഷങ്ങൾ രാജ്പഥിൽ വച്ചു നടത്താൻ ആരംഭിച്ചത്. അതിനു മുമ്പ് ഇർവിൻ സ്റ്റേഡിയത്തിൽ (ഇപ്പോഴത്തെ നാഷണൽ സ്റ്റേഡിയം) വച്ചായിരുന്നു ചടങ്ങുകൾ നടത്തിയിരുന്നത്.
1950-ൽ, ഇന്തോനേഷ്യയുടെ പ്രസിഡന്റ് ഡോ.സുകർണോ ആയിരുന്നു റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി. എന്നാൽ, അഞ്ചു വർഷത്തിനു ശേഷം രാജ്പഥിൽ വച്ചു നടന്ന പ്രഥമ റിപ്പബ്ലിക് ദിനാഘോഷത്തിൽ, പാക്കിസ്ഥാൻ ഗവർണർ ജനറലായ മാലിക് ഗുലാം മുഹമ്മദ് ആണ് മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടത്.
റിപ്പബ്ലിക്ദിന പരേഡ് ആരംഭിക്കുന്നത് സായുധ സേനകളുടെ സർവ്വസൈന്യാധിപനായ ഇന്ത്യൻ രാഷ്ട്രപതിയുടെ വരവോടെയാണ്. രാഷ്ട്രപതിയുടെ അംഗരക്ഷകരായ കുതിരപ്പടയാളികൾ, പ്രസിഡന്റ്സ് ബോഡിഗാർഡ്സ് (PBG) ദേശീയ പതാകയെ സല്യൂട്ട് ചെയ്യും. ഈ സമയത്ത് പശ്ചാത്തലത്തിൽ ദേശീയഗാനം ആലപിക്കാനാരംഭിക്കും. അപ്പോഴാണ് ആദരസൂചകമായി 21 പീരങ്കി വെടികൾ മുഴക്കുക. ഇവിടെ പ്രത്യേകം എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്. ഇന്ത്യൻ പ്രസിഡന്റിനെ സല്യൂട്ട് ചെയ്യാൻ മുഴങ്ങുന്ന ആചാരവെടികൾ മുഴക്കുന്ന പീരങ്കികൾക്കുമുണ്ടൊരു സവിശേഷത.
തദ്ദേശ നിർമിതമായ പീരങ്കികൾക്ക് പകരം, ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലെ പഴയ പീരങ്കികളാണ് ഇതിന് ഉപയോഗിക്കുക. പണ്ട് ബ്രിട്ടീഷ് പടക്കപ്പലുകളിൽ ഉപയോഗിച്ചിരുന്ന ’25-പൗണ്ടേഴ്സ്’ എന്നറിയപ്പെടുന്ന ഇവ ഒരു നൂറ്റാണ്ടായി ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാണ്.
അംഗരക്ഷകരായ പ്രസിഡന്റ്സ് ബോഡിഗാർഡ്സിന്റെ ഉപചാര വന്ദനമാണ് ആദ്യം. അതു കഴിഞ്ഞാൽ, ദേശീയ ഗാനം ആരംഭിക്കുന്ന മാത്രയിലാണ് ആചാരവെടികൾ മുഴങ്ങിത്തുടങ്ങുക. കൃത്യമായ ഇടവേളകളിൽ, 21 വട്ടം പീരങ്കികൾ ഗർജ്ജിക്കും. എന്നാൽ ഇതിനു വേണ്ടി ഏഴ് പൗണ്ടേഴ്സ് പീരങ്കികൾ മാത്രമേ ഉപയോഗിക്കൂ. അത്യാവശ്യം വന്നാൽ ഉപയോഗിക്കാനായി ഒരെണ്ണം വേറെയുമുണ്ടാകും.
ദേശീയ ഗാനം അവസാനിക്കുന്നതോടൊപ്പം പീരങ്കി ശബ്ദങ്ങളും നിലയ്ക്കും.
സ്വാതന്ത്രദിനത്തിൽ ആചാരവെടി മുഴക്കാനും ഈ പീരങ്കികൾ ഉപയോഗിക്കാറുണ്ട്. ഇതുകൂടാതെ രക്തസാക്ഷി ദിനമായ ജനുവരി 30നും ബഹുമാനാർത്ഥം, പൗണ്ടേഴ്സ് വെടിയുതിർക്കും. രാഷ്ട്രപതി രാജ്ഘട്ടിലെ സ്മൃതികുടീരത്തിൽ റീത്ത് വെക്കുമ്പോൾ, ആദ്യവെടി മുഴക്കുക ചെങ്കോട്ടയിൽ സ്ഥാപിച്ചിരിക്കുന്ന പീരങ്കിയിൽ നിന്നാണ്. രണ്ടു നിമിഷം നിശബ്ദത പാലിക്കുന്നതിനെ സൂചിപ്പിക്കാനാണിത്. വിജയ് ചൗക്കിലും, കൊണാട്ട് പ്ലേസിലും നെഹ്റു പാലസിലും ബുദ്ധജയന്തി പാർക്കിലും മറ്റു പീരങ്കികൾ സ്ഥാപിക്കപ്പെട്ടിരിക്കും.
കേണൽ ജിതേന്ദ്ര സിംഗ് മേത്തയുടെ കമാൻഡിലാണ് ഇത്തവണ ആചാരവെടികൾ മുഴങ്ങിയത്. മേൽപ്പറഞ്ഞ പരിപാടികളിൽ അല്ലാതെ ഈ പീരങ്കികൾ ഉപയോഗിക്കുന്ന വിശേഷാവസരം, ഏതെങ്കിലും രാഷ്ട്രത്തലവൻ ഭാരതം സന്ദർശിക്കുമ്പോൾ മാത്രമാണ്.
Post Your Comments