വെല്ലിംഗ്ടൺ: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്വന്തം വിവാഹം മാറ്റിവെച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി. രാജ്യത്ത് കൊറോണ പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമാക്കിയതോടെയാണ് പ്രധാനമന്ത്രി ജസീന്ത ആർഡൻ തന്റെ വിവാഹച്ചടങ്ങുകൾ മാറ്റിവെച്ചത്. കൊറോണ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഏറെ നാളുകളായി പങ്കാളികളായി കഴിയുന്നവരാണ് ജസീന്തയും ക്ലാർക്ക് ഗേയ്‌ഫോഡും. ഇരുവരും വിവാഹ തീയതി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും വരുന്ന ഏതാനും ആഴ്ചകൾക്കുള്ളിൽ വിവഹം നടക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതോടെ വിവാഹം മാറ്റിവയ്ക്കുകയായിരുന്നു.
ജീവിതം അങ്ങനെയാണ്, ന്യൂസിലാൻഡിലെ ആയിരക്കണക്കിന് വരുന്ന സാധാരാണക്കാർ ഈ മഹാമാരിക്കിടയിൽ വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നതെന്നും, താൻ അവരിൽ നിന്നും വിഭിന്നയല്ലെന്നും ജസീന്ത മാധ്യമങ്ങളോട് വ്യക്തമാക്കി.
വാക്‌സിന്റെ ഇരുഡോസുകളും സ്വീകരിച്ചവർക്ക് മാത്രമാണ് ഇനി മുതൽ പൊതുചടങ്ങുകളിൽ പങ്കെടുക്കാൻ സാധിക്കൂവെന്ന് മാർഗനിർദേശത്തിൽ പറയുന്നു. പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണവും കുറച്ചിട്ടുണ്ട്. കൂടാതെ, പൊതുഗാതാഗത സംവിധാനം ഉപയോഗിക്കുന്നവരും കടകളിൽ കയറിയിറങ്ങുന്നവരും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചു.
Post Your Comments