ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും. സ്വാതന്ത്യ സമരത്തിൽ നേതാജിക്കുണ്ടായിരുന്ന മഹത്തായ പങ്കിനെക്കുറിച്ച് ഇരുവരും ട്വീറ്റ് ചെയ്യുകയായിരുന്നു. നേതാജിയുടെ ജന്മവാർഷികത്തിന്റെ ഭാഗമായി രാജ്യത്ത് ഒരു വർഷം നീളുന്ന പരിപാടികൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
ഇന്ത്യയുടെ സ്വാതന്ത്യ സമര ചരിത്രത്തിലെ മഹാനായ ഹീറോയും ആസാദ് ഹിന്ദ് ഫൗജിന്റെ നേതാവുമാണ് അദ്ദേഹമെന്ന് യോഗി പറഞ്ഞു. ‘എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’ എന്ന നേതാജിയുടെ വാക്കുകളെ ഈ അവസരത്തിൽ ഓർക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. പരാക്രം ദിവസായി ആചരിക്കുന്ന ജന്മവാർഷികത്തിൽ അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
പരാക്രം ദിവസായ ഇന്ന് ഏവർക്കും ആശംസകൾ നേരുന്നതായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ധീരതയുടെ പ്രതിരൂപമായ നേതാജി സുഭാഷ് ചന്ദ്രബോസിനെ ഈ അവസരത്തിൽ നമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കായി അദ്ദേഹം ഏറെ ദൂരം സഞ്ചരിച്ചുവെന്നും അദ്ദേഹത്തിന്റെ സംഭാവനകൾ നമ്മെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുമെന്നും രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ജനുവരി 24 മുതൽ തുടങ്ങാറുള്ള റിപ്പബ്ലിക് ദിനാഘോഷങ്ങൾ 23 മുതൽ ആരംഭിച്ചു. ഇന്ന് വൈകിട്ട് ആറിന് ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ ഹോളോഗ്രാം പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി നടത്തും.
Post Your Comments