കീവ്: ഉക്രൈന് 30 പേരടങ്ങുന്ന വിദഗ്ധ കമാൻഡോ സഖ്യത്തെ അയച്ചു കൊടുത്ത് ബ്രിട്ടൻ. രാജ്യത്തെ ഏറ്റവും മികച്ച കമാൻഡോ വിഭാഗങ്ങളിൽ ഒന്നായ റേഞ്ചർ റെജിമെന്റിൽ പെട്ട 30 പേരെയാണ് ബ്രിട്ടൻ ഉക്രൈനിൽ ദൗത്യത്തിനായി അയച്ചു കൊടുത്തിരിക്കുന്നത്.
ഉക്രൈൻ അതിർത്തിയിൽ റഷ്യയുമായി കനത്ത സംഘർഷാവസ്ഥ നില നിൽക്കുന്നതു പരിഗണിച്ച്, ടാങ്ക് വേധ മിസൈലുകൾ അടങ്ങുന്ന ആയുധങ്ങൾ ബ്രിട്ടൻ ഉക്രൈന് നൽകിയിരുന്നു. ഇവ ഉപയോഗിക്കാൻ ഉക്രൈൻ സൈനികരെ പരിശീലിപ്പിക്കാൻ കൂടി വേണ്ടിയാണ് ബ്രിട്ടീഷ് സൈനികർ വിന്യസിക്കപ്പെട്ടിരിക്കുന്നത്. ഏതാണ്ട് രണ്ടായിരം എൻ.ബി.ടി മിസൈൽ ലോഞ്ചർ യൂണിറ്റുകളാണ് ബ്രിട്ടൻ അയച്ചു കൊടുത്തതെന്ന് പശ്ചാത്യ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
ഒരു ലക്ഷത്തിലധികം ട്രൂപ്പുകളുടെ വൻ സൈനിക വിന്യാസമാണ് റഷ്യ ഉക്രൈൻ അതിർത്തിയിൽ നടത്തിയിരിക്കുന്നത്. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ നിരന്തരം മുന്നറിയിപ്പ് കൊടുത്തിട്ടും സൈന്യത്തെ പിൻവലിക്കാൻ റഷ്യ തയ്യാറായിട്ടില്ല. കഴിഞ്ഞ രണ്ടുദിവസമായി കൂടുതൽ സൈനികരെ അതിർത്തിയിലേക്ക് നിയോഗിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ചെയ്തതെന്നും സംഘർഷത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
Post Your Comments