ലഖ്നൗ: വരുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ഗോരഖ്‍പൂർ അർബൻ മണ്ഡലത്തിൽ താൻ ഭീം ആർമി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാദ് സമാജ് പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്ന് ചന്ദ്രശേഖർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ആണ് ഔദ്യോഗിക പ്രഖ്യാപനം. ഗോരഖ്‍പൂർ അർബൻ അഥവാ ഗോരഖ്‍പൂർ സദർ എന്ന മണ്ഡലത്തിൽ യോഗി മത്സരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയതിന് പിറ്റേന്നാണ് ചന്ദ്രശേഖറിന്‍റെ പ്രഖ്യാപനം.
‘യുപി നിയമസഭയിൽ ഒരിടം ഉണ്ടാകുക എന്നത് ഭീം ആർമിയെ സംബന്ധിച്ച് പ്രധാനമാണ്. യോഗി ആദിത്യനാഥ് യുപി നിയമസഭയിൽ ഇനി എത്താതിരിക്കുക എന്നതും നിർണായകമാണ്. അതിനാൽ യോഗി മത്സരിക്കുന്ന ഇടത്ത് ഞാനും മത്സരിക്കും. യു.പിയിലെ മറ്റു രാഷ്ട്രീയ പാർട്ടികൾക്ക് ഒരു ബദലായിരിക്കും ഞങ്ങൾ. എം.എൽ.എയും മന്ത്രിയും ആക്കാമെന്നുള്ള ഓഫറുകൾ ഞാൻ നിരസിക്കുകയായിരുന്നു. സമാജ്‌വാദി പാർട്ടി 100 സീറ്റ് നൽകിയാലും ഞങ്ങൾ അവരുടെ കൂടെ പോവില്ല. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയെ തടയാൻ ഞങ്ങൾ മറ്റു പാർട്ടികളെ സഹായിക്കും. മായാവതിയുമായും ഞങ്ങൾ സഖ്യത്തിന് ശ്രമിച്ചിരുന്നു, പക്ഷെ ആരും തന്നെ ബന്ധപ്പെട്ടില്ല. പ്രതിപക്ഷത്തെ ഭിന്നത മൂലം ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ അത് എല്ലാവരുടേയും നഷ്ടമായിരിക്കും. ഭീം ആർമിയുടെ പ്രവർത്തകരാണ് ഞങ്ങളുടെ കരുത്ത്’, ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി.
വ്യക്തിപരമായ സന്തോഷത്തെക്കുറിച്ച് താൻ ചിന്തിക്കാറില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തനിക്ക് വലിയ നഷ്ടങ്ങളുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ഹാത്രസ്, ഉന്നാവോ, പ്രയാഗ്‌രാജ് സംഭവങ്ങളിൽ പ്രതിഷേധിച്ചതിന് ജയിലിൽ പോവേണ്ടി വന്ന സംഭവത്തെ ചൂണ്ടിക്കാട്ടിയായിരുന്നു ആസാദിന്റെ പ്രതികരണം. യോഗി ആദിത്യനാഥ് യുപി നിയമസഭയിൽ ഇനി എത്താതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഇത്തവണ കളത്തിലിറങ്ങുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിന് മുമ്പ് 2019-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരെ മത്സരിക്കുമെന്ന് ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിൻമാറിയിരുന്നു. അന്ന് സ്വന്തമായി പാർട്ടി ഇല്ലാത്തതിനാലായിരുന്നു പിന്മാറ്റം. ഇന്നത്തെ സാഹചര്യം അങ്ങനെ അല്ല. ആസാദിന് സ്വന്തമായി പാർട്ടിയുണ്ട്. എന്നാൽ ഗോരഖ്‍പൂരിലോ കിഴക്കൻ ഉത്തർപ്രദേശിലോ കാര്യമായ എന്തെങ്കിലും സ്വാധീനവും ചെലുത്താൻ കഴിയുന്ന കൃത്യമായ വോട്ട് ബാങ്ക് ചന്ദ്രശേഖർ ആസാദിനോ ഭീം ആർമിക്കോ ഇല്ല എന്ന കാര്യവും യാഥാർഥ്യമാണ്. 1989 മുതൽ ഗോരഖ്‍പൂരിൽ ബിജെപിയല്ലാതെ മറ്റാരും ജയിച്ചിട്ടില്ല. യുപിയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തന്നെയാണ് ചന്ദ്രശേഖർ ആസാദിന്‍റെ തീരുമാനം. ബിജെപിയെ എന്നും ചേർത്ത് പിടിക്കുന്ന ഗോരഖ്‍പൂരിലെ ജനങ്ങൾ ഇത്തവണയും പതിവ് തെറ്റിക്കില്ലെന്ന് തന്നെയാണ് പാർട്ടിയുടെ വിശ്വാസം.
Post Your Comments