ബെംഗളൂരു: ഗൂഗിളിലെ എല്ലാ ജീവനക്കാരേയും കൊല്ലുമെന്ന ഭീഷണിയുമായി യുവാവ്. ഷെലൂബ് എന്ന ഇ-മെയിലില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇയാളെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരു ബൈയപ്പനഹള്ളി പൊലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗൂഗ്ള്‍ പേയിലൂടെ പണം അയക്കാന്‍ തടസമുണ്ടായപ്പോയുള്ള പ്രകോപനമാണ് ഭീഷണി സന്ദേശം അയക്കാന്‍ കാരണമെന്നാണ് വിവരം.
ഗൂഗിളിലെ എല്ലാ ജീവനക്കാരേയും കൊല്ലും എന്നാണ് ഭീഷണി സന്ദേശത്തിലുള്ളത്. ഗൂഗിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ക്ലസ്റ്റര്‍ സെക്യൂരിറ്റി മാനേജര്‍ വനീത് ഖണ്‍ഡ്കയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തല്‍, അജ്ഞാത സന്ദേശം വഴി ഭീഷണിമുഴക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് ഷെലൂബിനെതിരെ കേസെടുത്തിരുക്കുന്നത്.
അതേസമയം, മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള പേമെന്റ് സേവനങ്ങള്‍ നല്‍കുന്ന യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫയ്സിന്റെ പ്രവര്‍ത്തനം തടസപ്പെട്ടതായ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. നിരവധി ഉപഭോക്താക്കളാണ് യു.പി.ഐ സെര്‍വര്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നത്. ഗൂഗിള്‍ പേ, പേ.ടി.എം പോലുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ വഴി പണമിടപാട് നടത്താന്‍ സാധിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞിരുന്നു.
Post Your Comments