Devotional

സിദ്ധ പരമ്പരയിലെ 18 സിദ്ധന്മാർ

ദക്ഷിണേന്ത്യയുടെ ആത്മീയ ചരിത്രത്തിലെ നാഴികക്കല്ലുകളായി വിളങ്ങുന്നവരാണ് 8 സിദ്ധന്മാർ. സിദ്ധ വൈദ്യമടക്കം അമൂല്യമായ നിരവധി സംഭാവനകൾക്ക് ഭാരതം ഇവരോട് കടപ്പെട്ടിരിക്കുന്നു. സിദ്ധികൾ കൃത്യമായി പറഞ്ഞാൽ ധാരണകളാണ്. ചിന്തകൾക്ക് മേൽ പ്രവർത്തിയുടെ ആധിപത്യം രൂഢമൂലമാകുന്ന സന്ദർഭത്തിൽ പരിപൂർണമായും അവ ധാരണയായി പരിവർത്തിക്കപ്പെടുന്നു. ധ്യാനമെന്ന പ്രവർത്തിയിലൂടെ ചിന്തകളെ ക്രമമായി അടുക്കി വെച്ച ശേഷം അവയിൽ ഓരോന്നായി സ്വന്തം സ്വത്വം കേന്ദ്രീകരിച്ചാൽ കൈവരുന്നവയാണ് സിദ്ധികൾ. അവയെ പ്രവർത്തനക്ഷമമാക്കാൻ പിന്നെയും കടമ്പകളേറെ കടക്കേണ്ടിയിരിക്കുന്നു.

സിദ്ധികൾ എട്ടു വിധമാണ്.

അണിമ – ശരീരം വളരെ ചെറുതാക്കാനുള്ള കഴിവ്.
മഹിമ – ശരീരം ഭീമാകാരം ആക്കാനുള്ള കഴിവ്.
ഗരിമ – ശരീരം ഭാരമേറിയതാക്കാനുള്ള കഴിവ്
ലഘിമ – ശരീരഭാരം ഇല്ലാതാക്കാനുള്ള കഴിവ്
പ്രാപ്തി – എന്തും സൃഷ്ടിക്കാനുള്ള കഴിവ്.
പ്രകമ്യ – എന്തും ഏതും പ്രാപ്തമാക്കാനുള്ള കഴിവ്.
ഇഷിത്വ- സൃഷ്ടികൾക്ക് മേൽ സർവാധിപത്യം നേടാനുള്ള കഴിവ്.
വസിത്വ – പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ എന്തിനെയും നിയന്ത്രിക്കാനുള്ള കഴിവ്.

ഈ എട്ടു സിദ്ധികളും നേടിയവരെയാണ് യഥാർത്ഥത്തിൽ സിദ്ധന്മാർ എന്ന് അഭിസംബോധന ചെയ്യുന്നത്.

ഇന്ന് ദ്രാവിഡനാടിന്റെ അഭിമാനമായി നിലനിൽക്കുന്ന സിദ്ധവൈദ്യം ഇവരുടെ സംഭാവനയാണ്. പണ്ടുപണ്ട് സാക്ഷാൽ പരമശിവൻ തന്നെ പത്നിയായ പാർവതി ദേവിക്ക് ഉപദേശിച്ചു കൊടുത്തതാണ് സിദ്ധചികിത്സാ രീതി. ദേവി പാർവതിയിൽ നിന്നും ആ വിദ്യ ഗ്രഹിച്ച സുബ്രഹ്മണ്യൻ അവയെല്ലാം തന്റെ പ്രിയ ഭക്തനായ അഗസ്ത്യ മഹർഷിക്ക് ഉപദേശിച്ചു കൊടുത്തു. അഗസ്ത്യ മഹർഷിയിൽ നിന്നും മറ്റു പതിനേഴു സിദ്ധന്മാർക്കും ആ ചികിത്സാവിധികൾ ലഭിച്ചു.

മഹാഭാരതത്തെ അനുഗ്രഹിച്ചുകൊണ്ട് പിറന്നു വീണ ആ പതിനെട്ട് സിദ്ധർ ഇവരൊക്കെയാണ്.

നന്ദിദേവർ
അഗസ്ത്യർ
തിരുമൂലർ
ഭോഗർ(ഭോഗനാഥർ)
മച്ചമുനി (മത്സ്യേന്ദ്ര നാഥ്)
കൊങ്കണവർ
ഗോരഖ്നാഥ് (കോരക്കർ)
കരുവൂരാർ
സട്ടൈ മുനി
സുന്ദരനന്ദർ
രാംദേവ്
കുദംബായ്
ഇടയ്ക്കാട്
കമലമുനി
വാല്മീകി
പതഞ്ജലി
ധന്വന്തരി
പാമ്പാട്ടി

“പാർത്തീടവേ നന്ദീശർ മൂലത്തീശർ
പൺപാന അഗസ്തീശർ ചട്ടനാതർ
പാർത്തീടവേ പതഞ്ചലിയും ഊനർ കണ്ണർ
കോരക്കർ കമലമുനി ചണ്ഡികേശ്വർ
ഓർത്തീടവേ ഇടൈകാദർ ചിപായ സിദ്ധർ
കൊങ്കണവർ തന്തൈ ഭോഗനാഥർ
കാത്തീടവേ മച്ചമുനി പുണ്ണാക്കീശർ
കാലംഗി സുന്ദരരും കാപ്പുതാനേ ”

തമിഴ് നാടിന്റെ അഭിമാനമായ പതിനെട്ട് സിദ്ധന്മാർ ആരൊക്കെയാണെന്ന് ഇന്ന് ഭിന്നാഭിപ്രായങ്ങളാണ് പ്രചരിക്കുന്നത്.
ആൽക്കെമി എന്ന് ആധുനികശാസ്ത്രം പേരിട്ടു വിളിക്കുന്ന രസവാദശാസ്ത്രത്തിന്റെ സർവ്വ പ്രായോഗിക സാദ്ധ്യതകളും കല്പ, രസായന, പുനരുജ്ജീവന ചികിത്സകളിൽ കൂട്ടിയിണക്കാൻ തക്ക വൈദഗ്ദ്ധ്യമാർജ്ജിച്ചിരുന്ന ആ മഹാസിദ്ധന്മാർ നിരവധി യുഗങ്ങളും നൂറ്റാണ്ടുകളും ജീവിച്ചിരുന്നതിനാൽ, ഗുരുക്കന്മാരും ശിഷ്യന്മാരും അനുയായികളും അനേകം തലമുറകൾക്ക് മുമ്പുള്ള പൂർവികരും പിൻഗാമികളുമെല്ലാം സമകാലീനരായിരുന്നു! ഇങ്ങനെ ദീർഘകാലം ജീവിച്ചിരുന്നതിനാൽ, ഒരു പുരുഷായുസിന്റെ മാനദണ്ഡത്തിൽ വ്യക്തികളുടെ കാലഘട്ടമളക്കുന്ന ആധുനിക ചരിത്രകാരന്മാർക്ക് ഇവരെ പലപ്പോഴും വേർതിരിച്ചറിയാൻ സാധിക്കാറില്ല.

എല്ലാറ്റിനും പുറമേ, ഇപ്പറഞ്ഞ സിദ്ധന്മാർ പതിനെട്ട് പേരെ കൂടാതെ പുറമേ,
സത്യനാഥർ, സതോഗനാഥർ, ആദിനാഥർ, വെഗുളി നാഥർ, അനാതിനാഥർ, മാതംഗനാഥർ, മചേന്ദ്ര നാഥർ, കലേന്ദ്രനാഥർ, കോരക്കനാഥർ എന്നീ നവനാഥ സിദ്ധന്മാരെക്കുറിച്ചും നവ കോടി സിദ്ധന്മാരെക്കുറിച്ചുമുള്ള പരാമർശങ്ങളും സിദ്ധവൈദ്യ ഗ്രന്ഥങ്ങളിലുണ്ട്.

യഥാർത്ഥത്തിൽ കാലദേശഗണനകൾക്ക് വശഗതമല്ല സിദ്ധരുടെ ജീവിതഗാഥകൾ.

പുണ്യപാപങ്ങളായ കർമ്മഫലങ്ങളെ ഭസ്മീകരിച്ചുകൊണ്ട് പരിണാമത്തിന്റെ പരമപദം പ്രാപിച്ചവരായിരുന്നു ഈ പതിനെട്ട് സിദ്ധന്മാരും. പ്രണവ് ശരീരം എന്നറിയപ്പെടുന്ന ഇവരുടെ ശരീരങ്ങൾക്ക് നിഴൽ ഉണ്ടാവില്ലായിരുന്നു. ദേഹവും ദേഹിയും സാഹചര്യങ്ങൾക്കനുസരിച്ച് മാറാനുള്ള കഴിവുള്ളവരായിരുന്നു ഇവർ. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടി ത്രിമാനങ്ങൾ അനുഭവിക്കാൻ ഇന്നത്തെ കാലത്ത് സാധിക്കുമ്പോൾ, പതിനെട്ട് മാനങ്ങളിൽ വർത്തിക്കാനും കണക്കുകൂട്ടാനും കഴിവുള്ളവരായിരുന്നു ഈ മഹായോഗികൾ.

ജലസിദ്ധി, വായു തുടങ്ങിയ സാധാരണ മനുഷ്യർക്ക് അപ്രാപ്യമായ ഒട്ടനവധി കഴിവുകളും സാധനം മൂലം ഇക്കൂട്ടർ നേടിയിരുന്നു. സമയ കാലത്തു ഭേദമന്യേ വർത്തിക്കാൻ കഴിവുണ്ടായിരുന്ന ഈ മഹാ സിദ്ധർ ആത്മീയതയുടെ വ്യത്യസ്ത സ്ഥലങ്ങളിലേക്കുള്ള വളർച്ച, മോക്ഷപ്രാപ്തിക്കുള്ള വഴിയായല്ല, മറിച്ച് അറിവ് നേടാനുള്ള ഒരു മാർഗ്ഗമായാണ് കണ്ടത്.

shortlink

Post Your Comments


Back to top button