ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഗോരഖ്പുർ അർബനിൽ മത്സരിക്കാൻ നിയോഗിച്ച ബിജെപി നേതൃത്വത്തിനെതിരെ പരിഹാസവുമായി സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബിജെപി നൽകിയ യാത്രയയപ്പ് ആണ് ഗോരഖ്പുർ അർബനിലെ സീറ്റെന്ന് അഖിലേഷ് പരിഹസിച്ചു.
‘നേരത്തെ ബിജെപി പറഞ്ഞത് അദ്ദേഹം അയോധ്യയിൽ മത്സരിക്കും, മഥുരയിൽ മത്സരിക്കും, പ്രയാഗ്‍രാജിൽ മത്സരിക്കും എന്നൊക്കെയാണ്. ഇപ്പോൾ നോക്കൂ. മുഖ്യമന്ത്രിയെ ബിജെപി ഇപ്പോഴേ ഗോരഖ്പുരിലേക്ക് അയച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബിജെപി നൽകിയ യാത്രയയപ്പ് ആണ് ഗോരഖ്പുർ അർബനിലെ സീറ്റ്. ബിജെപി ദേശീയ നേതൃത്വം ഇടപെട്ടതിനെ തുടർന്നാണ് ഗോരഖ്പുർ അർബനിൽ മത്സരിക്കാൻ യോഗി ആദിത്യനാഥ് സമ്മതം മൂളിയത്’. അഖിലേഷ് പറഞ്ഞു.
ദലിതരും പിന്നാക്കക്കാരും ബിജെപിയുടെ പൊയ്മുഖം തിരിച്ചറിഞ്ഞതായും യോഗി ആദിത്യനാഥിനെക്കാൾ മനോഹരമായി നുണ പറയാൻ ആർക്കും സാധിക്കില്ലെന്ന് ജനം തിരിച്ചറിഞ്ഞുവെന്നും അഖിലേഷ് വ്യക്തമാക്കി. ഈ തെരഞ്ഞെടുപ്പിൽ ബിജെപി വൻ പരാജയം നേരിടുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഒന്നും രണ്ടും ഘട്ടങ്ങളിലേക്കുള്ള പട്ടികയ്ക്കൊപ്പം ആറാം ഘട്ടത്തിൽ മാത്രം തെരഞ്ഞെടുപ്പ് നടക്കുന്ന ഗോരഖ്പുർ അർബനിലെയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് യുപിയിലെ ഇപ്പോഴത്തെ ചർച്ചകളുടെ ഗതി മാറ്റാനാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു.
Post Your Comments