ThiruvananthapuramKeralaNattuvarthaLatest NewsNews

കേരളത്തിലെ പോലീസ് സംവിധാനത്തിന്റെ തോളിൽ കയ്യിട്ടാണു ഗുണ്ടകളുടെ നടപ്പ്: കെകെ രമ

തിരുവനന്തപുരം: കോട്ടയത്ത് യുവാവിനെ സ്റ്റേഷനു മുന്നില്‍ കൊന്നുതള്ളിയ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി കെകെ രമ എംഎല്‍എ. കേരളത്തിലെ പോലീസ് സംവിധാനത്തിന്‍റെ തോളിൽ കയ്യിട്ടാണു ഗുണ്ടകളുടെ നടപ്പെന്ന് രമ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കേരളത്തിൽ മറ്റാരെക്കാളും ക്രിമിനലുകൾക്കാണ് സ്വാധീനശക്തിയെന്നും അടിമുടി ക്രിമിനൽവൽക്കരിക്കപ്പെട്ട സംവിധാനത്തിനു കീഴിൽ ജനങ്ങളുടെ നീതിയും സുരക്ഷയും അകലെയാണെന്നും കെകെ രമ പറഞ്ഞു.

കെകെ രമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഇന്നും നേരം പുലർന്നത് മനസ്സാക്ഷിയെ മരവിപ്പിക്കുന്ന മറ്റൊരു കൊലപാതക വാർത്തയുമായാണ്. കോട്ടയത്ത് ഒരു 19 കാരനെ ഗുണ്ടാസംഘം ക്രൂരമായി വധിച്ച്, മൃതദേഹം തോളിലേറ്റി പൊലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടുപോയി ഇട്ടതിനു ശേഷം, താനൊരാളെ കൊന്നിരിക്കുന്നു എന്ന് പൊലീസിനെ നേരിട്ട് അറിയിച്ചിരിക്കുന്നു. എവിടെ നിന്നാണു ഗുണ്ടകൾക്ക് ഇത്രയും ധൈര്യവും ആത്മവിശ്വാസവും ലഭിക്കുന്നത്.

ഇന്നലെ മകനെ കോട്ടയത്തെ ഒരു ഗുണ്ട തട്ടിക്കൊണ്ടുപോയെന്നു കൊല്ലപ്പെട്ട ഷാൻ ബാബുവിന്റെ മാതാവ് പൊലീസിൽ വ്യക്തമായ പരാതി നൽകിയിട്ടും അന്വേഷിക്കാമെന്ന സ്ഥിരം പല്ലവിയോടെ പൊലീസ് ആ അമ്മയെ മടക്കുകയായിരുന്നു. കേരളത്തിലെ പൊലീസ് സംവിധാനത്തിന്റെ തോളിൽ കയ്യിട്ടാണു ഗുണ്ടകളുടെ നടപ്പ്. ക്രിമിനലുകൾക്കു താവളമൊരുക്കുന്ന ആഭ്യന്തര വകുപ്പും പൊലിസുമുള്ളൊരു നാട്ടിൽ ആവർത്തിക്കപ്പെടുന്ന ഇത്തരം കൊലപാതകങ്ങൾ ഒരു വാർത്തയല്ലാതായി മാറിയിരിക്കുകയാണ്.

ഗുണ്ടകളെ പിടിക്കാനെന്ന പേരിൽ ആരംഭിച്ച ‘ഓപ്പറേഷൻ കാവൽ’ പദ്ധതി വഴി ഗുണ്ടകൾക്കു പകരം മാധ്യമപ്രവർത്തകരെയും പൊതു പ്രവർത്തകരെയും നിരീക്ഷണ വലയത്തിലാക്കാനുള്ള ശ്രമത്തിലായിരുന്നു കേരള പൊലീസ്. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട കൊടും ക്രിമിനൽ കഴിഞ്ഞ ഒരാഴ്ചയ്ക്കു മുൻപാണ് കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചത് എന്ന് പൊലീസ് തന്നെ പറയുന്നു.

ഇങ്ങനെയുള്ള ഒരാളെ ഒരാഴ്ച പോലും പൊലീസ് നിരീക്ഷണ വലയത്തിൽ വയ്ക്കാതെ സ്വതന്ത്രനാക്കി വിട്ടതിന്റെ പരിണിത ഫലമാണ് ഈ കൊലപാതകം. ഇവിടെ മറ്റാരെക്കാളും ക്രിമിനലുകൾക്കാണ് സ്വാധീനശക്തി. അടിമുടി ക്രിമിനൽവൽക്കരിക്കപ്പെട്ട ഒരു സംവിധാനത്തിനു കീഴിൽ ജനങ്ങൾക്ക് സുരക്ഷയും, നീതിയും എന്നും അകലെതന്നെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button