മധുര : പഴനി മുരുകൻ ക്ഷേത്രത്തിലേയ്‌ക്ക് കൊണ്ടുപോകുകയായിരുന്ന വേലുകൾ കാണാതായി . കഴിഞ്ഞ 422 വർഷമായി കാരൈക്കുടിയിൽ നിന്ന് പഴനി ക്ഷേത്രത്തിലേക്ക് വാർഷിക ഘോഷയാത്രയിൽ കൊണ്ടുപോകുന്ന രണ്ട് വേലുകളാണ് കാണാതായത് . സ്വർണ്ണവും ചെമ്പും കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. പതിവുപോലെ ഈ വർഷം ജനുവരി 13ന് നത്തമിലെത്തിയ ഭക്തർ പെരുമാൾ ക്ഷേത്രത്തിനോട് ചേർന്നുള്ള പരമ്പരാഗത മണ്ഡപത്തിലാണ് തങ്ങിയത്.
അവിടെയുള്ള ക്ഷേത്ര സങ്കേതത്തിൽ വെള്ളി പെട്ടിയിൽ വേൽ സൂക്ഷിച്ച് വയ്‌ക്കുകയും ചെയ്തു . എന്നാൽ കഴിഞ്ഞ ദിവസം ഘോഷയാത്ര ആരംഭിക്കാനിരിക്കെ വേൽ എടുക്കാൻ പെട്ടി തുറന്നപ്പോഴാണ് വേൽ കാണാനില്ലെന്ന് മനസിലായത് . തുടർന്ന് ഭക്തർ വിവരം പോലീസിൽ അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാരൈക്കുടി, രാമനാഥപുരം, പുതുക്കോട്ടൈ, ശിവഗംഗ എന്നിവിടങ്ങളിലെ ഭക്തർ 1601 മുതൽ ഈ വേൽ ചുമന്നാണ് തീർത്ഥാടനം നടത്തുന്നത്. 3.5 സെന്റീമീറ്റർ വരെ നീളമുള്ളതാണ് കാണാതായ വേലുകൾ. വേൽ ഇല്ലാതെ തീർത്ഥാടനം തുടരാൻ കഴിയാത്തതിനാൽ രണ്ട് വേൽ പിന്നീട് പോലീസ് ഇടപെട്ട് നിർമ്മിച്ച് നൽകുകയായിരുന്നു . നാളെയാണ് ഘോഷയാത്ര പഴനിയിൽ എത്തുക .
Post Your Comments